തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ 20 ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധുവാക്കി ഹൈക്കോടതി. കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ ചട്ടം ലംഘിച്ചെന്നും നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നുമാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
വിഷ്ണുമോഹന്‍ (പാങ്ങോട്), ആശനാഥ് (കരുമം), ഹരികുമാര്‍ (ഫോര്‍ട്ട്), ദീപ എസ് നായര്‍ ( പെരുന്താന്നി), സുകന്യ (ശ്രീകണ്‌ഠേശ്വരം), ജയ രാജീവ് (കടകംപള്ളി), സുനില്‍ (ആറ്റിപ്ര), അഡ്വ. മിനി (ആക്കുളം), വയല്‍ക്കര രതീഷ് (പൂങ്കുളം), വിനോദ് (ചെറുവയ്ക്കല്‍),ഗോപ കുമാര്‍ (തിരുവല്ലം), സുധി എസ് എസ് (ആറ്റുകാല്‍), വി ഗിരി (കമലേശ്വരം), സരിത പി (മണക്കാട്), ഉദയന്‍ (മണ്ണന്തല), സുഗതന്‍ (വാഴോട്ടുകോണം), സൂര്യ (വലിയശാല), ശ്രീദേവി (പൊന്നുമംഗലം), പാപ്പനംകോട് സജി (മേലാംകോട്), ബീന ( നെടുങ്കാട്) എന്നിവരുടെ സത്യപ്രതിജ്ഞയാണ് അസാധുവാക്കിയത്.
സിപിഎം കൗണ്‍സിലര്‍ എസ് പി ദീപക്കാണ് ഇതുസംബന്ധിച്ച ഹൈക്കോടതിയെ സമീപിച്ചത്. നിശ്ചിത സമയത്തിനുള്ളില്‍ നിയമപരമായി പ്രതിജ്ഞ ചെയ്യാന്‍ എതിര്‍കക്ഷികളായ അംഗങ്ങളോട് നിര്‍ദ്ദേശിക്കണമെന്നും അതുവരെ ഇവരെ കൗണ്‍സിലില്‍ നിന്നു വിലക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ ഇവര്‍ വോട്ടുചെയ്തതും ചോദ്യം ചെയ്തിട്ടുണ്ട്.
അയ്യപ്പന്‍, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭന്‍, ഗുരുദേവന്‍, ബലിദാനികള്‍ തുടങ്ങിയവരുടെ പേരിലായിരുന്നു ബിജെപി കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തത്. ഇത് കേരള മുനിസിപ്പാലിറ്റി നിയമത്തിലെ 143-ാം വ്യവസ്ഥയുടെ ലംഘനമാണെന്നാണ് ഹര്‍ജിയിലെ വാദം. നിയമപ്രകാരം ദൈവനാമത്തിലോ ദൃഢപ്രതിജ്ഞയോ മാത്രമാണ് അനുവദനീയം.
ബിജെപി കൗണ്‍സിലര്‍മാര്‍ ദൈവങ്ങളുടെ പേരുപറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തതിലെ ചട്ടലംഘനം വോട്ടെടുപ്പിന് തൊട്ടു മുന്‍പ് ദീപക് ചൂണ്ടിക്കാട്ടിയത് തര്‍ക്കത്തിനിടയാക്കിയിരുന്നു. എന്നാല്‍ സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് ഇക്കാര്യം ഉന്നയിക്കണമായിരുന്നുവെന്നാണ് കളക്ടര്‍ അനുകുമാരി പ്രതികരിച്ചത്. ഇതിനെ കയ്യടിയോടെയാണ് ബിജെപി അംഗങ്ങള്‍ സ്വീകരിച്ചത്. സത്യപ്രതിജ്ഞ കഴിഞ്ഞ് ഫോമുകളില്‍ ഒപ്പിടുകയും യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തതോടെ അംഗങ്ങളായി മാറിയെന്നും ഇനി പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും കളക്ടര്‍ നിര്‍ദേശിച്ചിരുന്നു. പിന്നാലെയാണ് ദീപക് ഹൈക്കോടതിയെ സമീപിച്ചത്.
ഹര്‍ജിക്ക് പിന്നാലെ 20 കൗണ്‍സിലര്‍മാരില്‍ നിന്ന് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. വാദത്തിനിടെ ദൈവത്തിന്റെ കാഴ്ചപ്പാട് വ്യത്യസ്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ജീവിച്ചിരിക്കുന്ന വ്യക്തികളേയോ ഗുരുക്കന്മാരേയോ ആള്‍ദൈവങ്ങളേയോ ആരാധിക്കുന്നവരുണ്ട്. ഇതില്‍ അവരെ തെറ്റുപറയാനാകില്ല. എന്നാല്‍ ആരാണ് അവരുടെ കാഴ്ചപ്പാടിലെ ദൈവം? ആള്‍ ദൈവങ്ങളുടേയും മറ്റും പേരില്‍ പ്രതിജ്ഞയെടുക്കുന്നത് നിയമപരമായി നിലനില്‍ക്കുമോ? എന്നീ കാര്യങ്ങള്‍ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നുമാണ് കോടതി വ്യക്തമാക്കിയത്. എന്നാല്‍ വാദം പൂര്‍ത്തിയായപ്പോള്‍ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കുകയായിരുന്നു.