ശബ്ദവും വെളിച്ചവും കൂട്ടാന്‍ പാടില്ല, തീതുപ്പുന്ന മോഡിഫിക്കേഷന്‍ വേണ്ട; 100 ദിവസത്തിനുള്ളില്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനങ്ങളുടെ മോഡിഫിക്കേഷന്‍ ഉപാധികളോടെ മാത്രമേ അനുവദിക്കുകയുള്ളൂ എന്ന് ഗതാഗത മന്ത്രി സി.പി. ജോണ്‍. സുരക്ഷ അവഗണിച്ചുള്ളതും ശബ്ദം, വെളിച്ചം എന്നിവ വര്‍ധിപ്പിക്കുന്ന തരത്തിലുള്ളതുമായ മോഡിഫിക്കേഷന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
‘വാഹന മോഡിഫിക്കേഷന്‍ വിഷയത്തില്‍ 100 ദിവസത്തിനുള്ളില്‍ ചില കാര്യങ്ങള്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. മിതമായ പരിഷ്‌കരണങ്ങള്‍ ആവാം. ശബ്ദവും വെളിച്ചവും പുറത്തേക്ക് വരുന്ന തരത്തിലുള്ള, തീ പറത്തുന്ന തരത്തിലുള്ള പരിഷ്‌കരണങ്ങള്‍ പാടില്ല. മോഡിഫിക്കേഷനുകള്‍ നടത്തുന്നവര്‍ സ്വന്തമായി ഒരു പരിധി നിശ്ചയിക്കണം.’ മന്ത്രി പറഞ്ഞു.
തെറ്റുകളില്‍ വലുത് ചെറുത് എന്ന് നോക്കാന്‍ കഴിയില്ലെന്നും മോഡിഫിക്കേഷന് ചുമത്തേണ്ട ചാര്‍ജുകളെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ എന്നും മന്ത്രി സി.പി. ജോണ്‍ പറഞ്ഞു. കൊല്ലം കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി അപകടത്തില്‍ സ്‌കൂള്‍ കുട്ടിയടക്കം മൂന്നുപേര്‍ക്ക് ജീവന്‍ നഷ്ടമായ സംഭവത്തെക്കുറിച്ചും മന്ത്രി സംസാരിച്ചു.
ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പുമായി സഹകരിച്ച് കൂടുതല്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് മന്ത്രി അറിയിച്ചു. ടിപ്പര്‍ ലോറികള്‍ക്ക് സമയ നിയന്ത്രണം ഏറ്റെടുക്കുന്നതിലും ഫലപ്രദം പെര്‍മിറ്റ് റദ്ദാക്കുന്നതടക്കമുള്ള കര്‍ശനമായ നടപടികളിലേക്ക് കടക്കുന്നതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
‘കൊട്ടാരക്കരയില്‍ അപകടം നടന്ന സമയം ടിപ്പറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലാത്ത സമയത്താണ് നടന്നത്. രണ്ടോ മൂന്നോ മണിക്കൂര്‍ അധികം നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ അവര്‍ ബാക്കി കിട്ടുന്ന സമയത്ത് ഇപ്പോഴത്തേതിലും മരണപ്പാച്ചിലാവും നടത്തുക. അത് കൂടുതല്‍ അപടകങ്ങള്‍ക്ക് വഴിവെക്കുകയേ ഉള്ളൂ. പകരം അത്തരം നിയമലംഘനങ്ങള്‍ക്ക് കടുത്ത നടപടികള്‍ എടുക്കുക.’
ഡ്രൈവര്‍മാരും സ്വയം നിയന്ത്രിച്ചാല്‍ മാത്രമേ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു. വീര്യം കുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് എതിര്‍പ്പ് അറിയിച്ചിട്ടില്ലെന്നും സി.പി. ജോണ്‍ പറഞ്ഞു. ‘ഞങ്ങള്‍ ഇപ്പോള്‍ കാബിനറ്റിന്റെ ഭാഗമാണ്, അതുകൊണ്ട് വ്യത്യസ്തമായ അഭിപ്രായമില്ല. മുഖ്യമന്ത്രി വി.ഡി. സതീശന്‍ എന്താണോ പറഞ്ഞത്, അതുതന്നെ ശരി.’ മന്ത്രി വ്യക്തമാക്കി

 

 

Leave a Reply

Your email address will not be published. Required fields are marked *