സെയ്‌ഷെല്‍സിന്റെ പരമോന്നത ബഹുമതി ‘ഗാര്‍ഡിയന്‍ ഓഫ് ദ ബ്ലൂ ഹൊറൈസണ്‍’ മോദിക്ക് സമ്മാനിച്ചു, പരിസ്ഥിതി-സുസ്ഥിര വികസന മേഖലകള്‍ക്കുള്ള സംഭാവനകള്‍ക്ക് അംഗീകാരം

വിക്ടോറിയ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സെയ്‌ഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ‘ഗാര്‍ഡിയന്‍ ഓഫ് ദ ബ്ലൂ ഹൊറൈസണ്‍’ സമ്മാനിച്ചു. പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം എന്നീ മേഖലകളിലെ മികച്ച നേതൃത്വപാടവത്തിനും സംഭാവനകള്‍ക്കുമുള്ള ആദരവായാണ് പുരസ്താകം സമ്മാനിച്ചത്. പ്രധാനമന്ത്രി മോദിയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള ഹരിത വികസന പദ്ധതികള്‍ക്കും ആഗോള സുസ്ഥിര വളര്‍ച്ചയ്ക്കുള്ള ശ്രമങ്ങള്‍ക്കും വിവരിച്ചുകൊണ്ടാണ് സെയ്‌ഷെല്‍സ് പരമോന്നത പുരസ്‌കാരം സമ്മാനിച്ചത്. അന്താരാഷ്ട്ര തലത്തില്‍ ലഭിക്കുന്ന സമാനമായ നിരവധി പുരസ്‌കാരങ്ങളുടെ തുടര്‍ച്ചയാണ് മോദിക്ക് ഇന്ന് ലഭിച്ചത്. ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തിയതിനും സുസ്ഥിര കൃഷിരീതികള്‍ പ്രോത്സാഹിപ്പിച്ചതിനും ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാര്‍ഷിക സംഘടന 2026 മേയില്‍ മോദിക്ക് ‘അഗ്രിക്കോള മെഡല്‍’ നല്‍കി ആദരിച്ചിരുന്നു. ഇതിനുപുറമെ, സുസ്ഥിര സാമ്പത്തിക വളര്‍ച്ചയും ആഗോള സഹകരണവും മുന്‍നിര്‍ത്തി 2018 ല്‍ സിയോള്‍ സമാധാന പുരസ്‌കാരവും, പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് ഐക്യരാഷ്ട്രസഭയുടെ അഭിമാനകരമായ ‘ചാമ്പ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരവും പ്രധാനമന്ത്രിക്ക് ലഭിച്ചിട്ടുണ്ട്.

സെയ്‌ഷെല്‍സുമായുള്ള ബന്ധം ദൃഢമാക്കും
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെ എത്തിയ മോദി, സെയ്‌ഷെല്‍സ് ദേശീയ അസംബ്ലിയില്‍ സംസാരിക്കും. ഇന്ത്യന്‍ സമയം ഇന്ന് വൈകിട്ട് നാലിനാണ് മോദിയുടെ അഭിസംബോധന. സെയ്‌ഷെല്‍സ് പ്രസിഡന്റ് പാട്രിക് ഹെര്‍മിനിയുമായി മോദി കൂടിക്കാഴ്ച നടത്തി. രണ്ട് രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം ദൃഢമാക്കാനുള്ള കരാറുകള്‍ ചര്‍ച്ചയായി. സെയ്‌ഷെല്‍സിന് സമുദ്ര പട്രോളിംഗിനുള്ള കപ്പലും സന്ദര്‍ശനവേളയില്‍ ഇന്ത്യ കൈമാറി. സെയ്‌ഷെല്‍സിലെ ഇന്ത്യന്‍ സമൂഹം നല്‍കുന്ന സ്വീകരണവും മോദി ഏറ്റുവാങ്ങും. രാത്രി റോച്ച് കെയ്മാനിലെ സ്റ്റാര്‍ ലിനൈറ്റില്‍ നടക്കുന്ന ദേശീയദിന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളിലും പ്രധാനമന്ത്രി മുഖ്യാതിഥിയാണ്. ഇന്നലെ സെയ്‌ഷെല്‍സിലെ ഇന്ത്യന്‍ വംശജര്‍ വിമാനത്താവളത്തില്‍ മോദിക്ക് ഊഷ്മള വരവേല്‍പ്പ് നല്‍കിയിരുന്നു. സെയ്‌ഷെല്‍സ് പ്രസിഡന്റ് പാട്രിക് ഹെര്‍മെയിനൊപ്പം കാറിലാണ് മോദി ദേശീയ ബൊട്ടാണിക്കല്‍ ?ഗാര്‍ഡന്‍ സന്ദര്‍ശിക്കാന്‍ പോയത്. പ്രസിഡന്റിനൊപ്പം ഇവിടെ മോദി വൃക്ഷത്തൈ നട്ടു. മൂന്ന് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മോദി നാളെയാകും മടങ്ങുക. അടുത്തയാഴ്ച ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *