അയോദ്ധ്യ കാണിക്കത്തട്ടിപ്പ്; ഭക്തി ചൂഷണംചെയ്തുണ്ടാക്കിയ പണം എവിടെപ്പോയെന്ന് കണ്ടെത്തണമെന്ന് പിണറായി

തിരുവനന്തപുരം: അയോദ്ധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ഭക്തരില്‍നിന്നും പൊതുജനങ്ങളില്‍നിന്നും സമാഹരിച്ച സംഭാവനകളില്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി പുറത്തുവരുന്ന വാര്‍ത്തകള്‍ അതീവ ഗൗരവമുള്ളതാണെന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ഞായറാഴ്ച പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് പിണറായിയുടെ പ്രതികരണം.
ജനങ്ങളുടെ വിശ്വാസത്തെയും വൈകാരികതയെയും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ചൂഷണം ചെയ്തവര്‍ അതിന്റെ മറവില്‍ സംഘടിത സാമ്പത്തിക തട്ടിപ്പാണ് നടത്തിയിരിക്കുന്നത്. സംഘപരിവാര്‍ സംഘടനകളുടെ ഉന്നതങ്ങളില്‍ അടുത്ത ബന്ധമുള്ളവരാണ് ഈ ട്രസ്റ്റിലെ അംഗങ്ങളെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റിന്റെ മേശപ്പുറത്തുവെച്ച ഉത്തരവിലൂടെ കേന്ദ്ര സര്‍ക്കാര്‍ത്തന്നെ രൂപീകരിച്ച ട്രസ്റ്റാണ് ഇപ്പോള്‍ അഴിമതി ആരോപണത്തില്‍ സംശയത്തിന്റെ നിഴലിലായിരിക്കുന്നത്. ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ഉള്‍പ്പെടെ നേതൃത്വം നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ബാധ്യസ്ഥനാണ്. ജനങ്ങളുടെ ഭക്തിയെ ചൂഷണംചെയ്ത് ശേഖരിച്ച പണം എങ്ങോട്ടാണ് പോയതെന്ന് വ്യക്തമാക്കാന്‍ ട്രസ്റ്റിനും അതിന് നേതൃത്വം നല്‍കുന്നവര്‍ക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ തനിനിറം വ്യക്തമാക്കുന്ന ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അയോദ്ധ്യയിലെ ഈ ക്ഷേത്ര ഫണ്ട് വെട്ടിപ്പെന്നും പിണറായി വിജയന്‍ പറഞ്ഞു. വിഷയത്തില്‍ സുപ്രീം കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നിഷ്പക്ഷമായ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *