
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തെ പിന്തുണക്കില്ലെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ്. പാര്‍ട്ടിയുമായി ആലോചിക്കാതെ തീരുമാനമെടുക്കാന്‍ കഴിയില്ല. യുഡിഎഫ് നേതൃത്വം അക്കാര്യം പാര്‍ട്ടിയുമായി ചര്‍ച്ചചെയ്തിട്ടുമില്ല. ഭാവിയില്‍ അങ്ങനെ ഉണ്ടാകില്ലെന്ന് പറയാന്‍ കഴിയില്ലെന്നും വി. ജോയ് പറഞ്ഞു.
കോര്‍പറേഷനിലെ ഭരണസ്തംഭനത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം. ചരിത്രത്തിലെ മോശം ഭരണസമിതിയാണ് തിരുവനന്തപുരം കോര്‍പറേഷനിലേത്. കാപ്പ കേസിലെ പ്രതി കൗണ്‍സിലര്‍ ആയി തുടരുകയാണ്. ഒരു മാസമായി എല്‍ഡിഎഫ് നിരന്തര സമരത്തിലാണ്. യുഡിഎഫിന്റെ അവിശ്വാസത്തെ പിന്തുണയ്ക്കണോ എന്നത് നയപരമായ തീരുമാനമാണ്. അത്തരമൊരു തീരുമാനം ഇപ്പോള്‍ എടുത്തിട്ടില്ല, വി. ജോയ് പറഞ്ഞു.
കാപ്പാ കേസില്‍ ബി.ജെ.പി. കൗണ്‍സിലര്‍ ജയിലില്‍ കഴിയുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഈ അവിശ്വാസപ്രമേയത്തെ സിപിഎം പിന്തുണച്ചേക്കുമെന്ന രീതിയില്‍ മുന്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രസ്താവനയും പുറത്തുവന്നിരുന്നു.
ബി.ജെ.പി.യാണ് സി.പി.എമ്മിന്റെ മുഖ്യശത്രുവെന്ന് ശിവന്‍കുട്ടി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അവരെ അധികാരത്തില്‍നിന്നു മാറ്റിനിര്‍ത്തുകയെന്നതാണ് തത്വത്തില്‍ പാര്‍ട്ടിയുടെ നയമെന്നും ഇതിനായി, അവിശ്വാസപ്രമേയത്തിന്റെയും നിയമപോരാട്ടത്തിന്റെയും വഴി സ്വീകരിക്കുമെന്നും ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു.