
ഡോ. ഷിംന അസീസിന്റെ തിരുത്ത് സ്വീകരിക്കുന്നു, തൂഫാന്‍ വാറിയറാകാന്‍ ക്ഷണിച്ച് മന്ത്രി
വിഷ പാമ്പുകളെ കൊത്തിച്ച് ലഹരി ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ഭാഗത്ത്, അതിനായി ഉപയോഗിക്കുന്നത് ചെറിയ അണലികളെയാണ് എന്ന് ഞാന്‍ പറഞ്ഞത് വസ്തുതാപരമായി ശരിയല്ല. ഡോക്ടറുടെ തിരുത്ത് സ്വീകരിക്കുന്നു- രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.
തിരുവനന്തപുരം: ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കൊത്തിക്കുന്ന പാര്‍ലറുകള്‍ ഉണ്ടെന്ന തന്റെ പരാമര്‍ശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഒരു സംഭാഷണത്തില്‍ വളരെ നാള്‍ മുന്‍പ് എന്റേതായി വന്ന ഒരു പരാമര്‍ശത്തില്‍ കടന്നു കൂടിയ തെറ്റ് സംബന്ധിച്ച് ഡോ. ഷിംന അസീസിന്റെ തിരുത്ത് മാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍പ്പെട്ടു. വിഷ പാമ്പുകളെ കൊത്തിച്ച് ലഹരി ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ഭാഗത്ത്, അതിനായി ഉപയോഗിക്കുന്നത് ചെറിയ അണലികളെയാണ് എന്ന് ഞാന്‍ പറഞ്ഞത് വസ്തുതാപരമായി ശരിയല്ല. ഡോക്ടറുടെ തിരുത്ത് സ്വീകരിക്കുന്നു- രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.
പാമ്പുകളെ ഉപയോഗിക്കുന്നതു പോലെ അത്യന്തം അപകടകരവും വിനാശകരവുമായ ലഹരി ഉപയോഗം ഉണ്ടെന്നത് ഞെട്ടിപ്പിക്കുന്നതാണ്. കേരളത്തിലും അത്തരം കേന്ദ്രങ്ങള്‍ ഉണ്ടെന്ന വിവരങ്ങളെ ഗൗരവത്തോടെയാണ് മനസിലാക്കുന്നത്. ഇതെല്ലാം സംബന്ധിച്ച യഥാര്‍ത്ഥ വിവരങ്ങള്‍ അറിയിക്കാന്‍ ആരും മടിക്കരുത്. വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായിരിക്കും. തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടിന്റെ ഭാഗമായി തൂഫാന്‍ വാറിയറാകാന്‍ ഡോ. ഷിംന അസീസിനെ ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.