ട്രംപിന് വമ്പന്‍ തിരിച്ചടി, സുപ്രീംകോടതിയുടെ ചരിത്ര വിധി

  • പൗരത്വം ജന്‍മാവകാശമല്ലെന്ന എക്‌സിക്യൂട്ടീവ് ഉത്തരവ് റദ്ദാക്കി ‘ജന്‍മാവകാശം ഭരണഘടനയിലെ ഉറപ്പ്’

വാഷിംഗ്ടണ്‍: അമേരിക്കന്‍ പൗരത്വം ജന്‍മാവകാശമല്ലെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി. അമേരിക്കയില്‍ ജനിക്കുന്നവര്‍ക്ക് പൗരത്വം ജന്മാവകാശമാണെന്നത് ഭരണഘടന ഉറപ്പുനല്‍കുന്നതാണെന്ന് വ്യക്തമാക്കിയാണ് ട്രംപിന്റെ വിവാദ എക്‌സിക്യൂട്ടീവ് ഉത്തരവ് യു എസ് സുപ്രീംകോടതി റദ്ദാക്കിയത്. കുടിയേറ്റം തടയുക എന്ന ലക്ഷ്യത്തോടെ ട്രംപ് തന്റെ രണ്ടാം ഭരണകാലത്തിന്റെ തുടക്കത്തില്‍ കൊണ്ടുവന്ന ഏറ്റവും പ്രധാനപ്പെട്ട ഉത്തരവുകളില്‍ ഒന്നാണ് ഇതോടെ ഇല്ലാതായത്. മാതാപിതാക്കള്‍ക്ക് പൗരത്വമില്ലെങ്കിലും അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് സ്വാഭാവികമായി ലഭിക്കുന്ന ‘ബര്‍ത്ത് റൈറ്റ് സിറ്റിസണ്‍ഷിപ്പ്’ റദ്ദാക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഒന്‍പതംഗ ബെഞ്ചില്‍ ആറിനെതിരെ മൂന്ന് വോട്ടുകള്‍ക്കാണ് സുപ്രീംകോടതിയുടെ ചരിത്രപരമായ വിധി.

അമേരിക്കന്‍ ഭരണഘടനയുടെ പതിനാലാം ഭേദഗതിയെ തകിടം മറിച്ചുകൊണ്ട്, യു എസില്‍ ജനിക്കുന്ന ഭൂരിഭാഗം ആളുകള്‍ക്കും പൗരത്വം നല്‍കുന്നത് അവസാനിപ്പിക്കാനാണ് ട്രംപ് ഭരണകൂടം ശ്രമിച്ചത്. നിലവിലുള്ള നിയമം ഒരു നാണക്കേടാണെന്ന് ട്രംപും, ലോകത്തിലെ ഏറ്റവും മണ്ടന്‍ കുടിയേറ്റ നയമാണിതെന്ന് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും മുന്‍പ് വിമര്‍ശിച്ചിരുന്നു. എന്നാല്‍, വിദേശ നയതന്ത്രജ്ഞരുടെ കുട്ടികള്‍ ഉള്‍പ്പെടെയുള്ള ചില പരിമിതമായ ഒഴിവുകളൊഴിച്ചാല്‍, മാതാപിതാക്കളുടെ കുടിയേറ്റ പദവി എന്തുതന്നെയായാലും യു എസില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് പൗരത്വത്തിന് അര്‍ഹതയുണ്ടെന്ന 1868 മുതലുള്ള ഭരണഘടനാ തത്വം കോടതി ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു.
വര്‍ഷത്തില്‍ രണ്ടര ലക്ഷത്തിലധികം കുഞ്ഞുങ്ങളെ നേരിട്ട് ബാധിക്കുന്നതായിരുന്നു ട്രംപിന്റെ ഈ എക്‌സിക്യൂട്ടീവ് ഉത്തരവ്. ട്രംപിന്റെ വിശ്വസ്തരായ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, എഫ് ബി ഐ ഡയറക്ടര്‍ കാഷ് പട്ടേല്‍, സെക്കന്‍ഡ് ലേഡി ഉഷ വാന്‍സ് എന്നിവരുള്‍പ്പെടെയുള്ള പ്രമുഖര്‍ കുടിയേറ്റക്കാരുടെ മക്കളായി അമേരിക്കയില്‍ ജനിച്ചതിലൂടെ ഈ ജന്മാവകാശ പൗരത്വത്തിന്റെ ആനുകൂല്യം ലഭിച്ചവരാണെന്നതും ഈ കേസിന്റെ പശ്ചാത്തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിധി വന്നതോടെ ട്രംപ് ഭരണകൂടത്തിന്റെ കടുത്ത കുടിയേറ്റ വിരുദ്ധ നയങ്ങള്‍ക്കാണ് സുപ്രീംകോടതിയില്‍ നിന്ന് വലിയ തിരിച്ചടിയേറ്റിരിക്കുന്നത്.

 

 

Leave a Reply

Your email address will not be published. Required fields are marked *