നിര്‍ത്തിക്കോളൂ, നാര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ്’; ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം

ലഹരിക്കെതിരായ കേരള പോലീസിന്റെ ഓപ്പറേഷന്‍ തൂഫാന്‍ ദൗത്യത്തിന്റെ ഭാഗമായി വീഡിയോ സന്ദേശം പുറത്തുവിട്ട് മോഹന്‍ലാല്‍. തന്റെ സിനിമകളിലെ ലഹരിക്കെതിരായ സംഭാഷണങ്ങള്‍ ചേര്‍ത്തുള്ള വീഡിയോ ആണ് അദ്ദേഹം റിലീസ് ചെയ്തിരിക്കുന്നത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പേജിലും ഇതേ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. താന്‍ സിനിമയില്‍ പറഞ്ഞ നാര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ് എന്ന താക്കീത് യഥാര്‍ഥ ജീവിതത്തിലും ആവര്‍ത്തിച്ചുപറയുകയാണെന്ന് മോഹന്‍ലാല്‍ വീഡിയോയില്‍ വ്യക്തമാക്കി.
‘ഞാന്‍ രണ്ടുവട്ടം നിങ്ങളോട് പറഞ്ഞിട്ടുണ്ട് നാര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ് എന്ന്. ആദ്യം സാഗര്‍ ഏലിയാസ് ജാക്കിയായി ഇരുപതാം നൂറ്റാണ്ടില്‍. പിന്നീട് സ്റ്റീഫന്‍ നെടുമ്പള്ളിയായി ലൂസിഫറിലും. എന്നാലിപ്പോള്‍ മോഹന്‍ലാല്‍ എന്ന വ്യക്തിയായി ഞാന്‍ നിങ്ങളോട് പറയുകയാണ് നാര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ്. ലഹരി ഉപയോഗിക്കുന്നവരോട് സ്‌നേഹപൂര്‍വം പറയുകയാണ്, പ്ലീസ് നിര്‍ത്തിക്കോളൂ,
നിങ്ങള്‍ക്കുവേണ്ടി, നിങ്ങളുടെ കുടുംബത്തിനുവേണ്ടി, ഈ നാടിനുവേണ്ടി. ഈ വിഷം വില്‍ക്കാന്‍ കൂട്ടുനില്‍ക്കുന്നവരേ, നിങ്ങളോടാണ്; Dont Do It. Better Stop Now. കേരള പോലീസ് നിങ്ങളുടെ പിന്നാലെയുണ്ട്. നിങ്ങള്‍ക്കിനി മാപ്പില്ല. ഓപ്പറേഷന്‍ തൂഫാന്‍ -ദ നാര്‍ക്കോ ഹണ്ടില്‍ ഞാനും തൂഫാന്‍ വാരിയറാണ്. നമുക്കൊന്നിച്ച് ലഹരി മാഫിയയുടെ വേരുകളറുക്കാം. നല്ലൊരു നാളേയ്ക്കായി കൈ കോര്‍ക്കാം. Be A Hero, Say No To Drugs.’ മോഹന്‍ലാല്‍ പറയുന്നു.
തന്റെ ഹിറ്റ് ചിത്രങ്ങളിലെ ആളെക്കൊല്ലി, ഈ പണി സ്റ്റീഫന്‍ ചെയ്യില്ല നീയും ചെയ്യില്ല തുടങ്ങിയ ഡയലോഗുകളും വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
രമേശ് ചെന്നിത്തലയുമായി മോഹന്‍ലാലിന്റെ കൂടിക്കാഴ്ച
രണ്ടാഴ്ചകള്‍ക്ക് മുന്‍പാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മോഹന്‍ലാലിനെ തൂഫാന്‍ വാരിയറായി പ്രഖ്യാപിച്ചത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. ലഹരിക്കെതിരായ ഈ പോരാട്ടം വര്‍ഷങ്ങളായി താന്‍ ആഗ്രഹിക്കുന്ന കാര്യമാണെന്ന് മോഹന്‍ലാല്‍ രമേശ് ചെന്നിത്തലയോട് പറഞ്ഞു. ഇത്തരം നടപടികള്‍ക്ക് തുടര്‍ച്ചയുണ്ടാകണം. ഇങ്ങനെയൊരു പദ്ധതി ആവിഷ്‌കരിച്ചതിന് നന്ദി പറയുന്നു. വളരെയധികം കുടുംബങ്ങളെയും വിദ്യാര്‍ഥികളെയും ഇതുവഴി രക്ഷിക്കാം. ഈ പദ്ധതി ഒരു തൂഫാനായി മാറട്ടെ എന്നും അദ്ദേഹം പറഞ്ഞിരുന്നു.
വിശ്വശാന്തി ഫൗണ്ടേഷന്റെ ബി എ ഹീറോ, സേ നോ റ്റു ഡ്രഗ്‌സ് എന്ന പ്രോജക്റ്റിന്റെ വിശദാംശങ്ങള്‍ മോഹന്‍ലാല്‍ ആഭ്യന്തരമന്ത്രിക്ക് കൈമാറി. കേരളാ പോലീസുമായി ചേര്‍ന്ന് എന്തുരീതിയിലുള്ള സഹകരണത്തിനും തയ്യാറാണെന്ന് മോഹന്‍ലാല്‍ അറിയിച്ചു. ഉത്തരമേഖലാ ഐജി പുട്ട വിമലാദിത്യയും കൂടിക്കാഴ്ചയില്‍ മന്ത്രി രമേശ് ചെന്നിത്തലയ്‌ക്കൊപ്പമുണ്ടായിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *