ഞങ്ങള്‍ പാകിസ്ഥാന്റെ ഭാഗമല്ല, ഇന്ത്യയോട് സഹായം തേടും’, പാക് അധികൃതര്‍ക്ക് ജനങ്ങളുടെ മുന്നറിയിപ്പ്

റാവലകോട്ട് (പാക് അധീന കാശ്മീര്‍): പാകിസ്ഥാന്റെ നിയന്ത്രണങ്ങള്‍ക്കെതിരെ പാക് അധീന കാശ്മീരില്‍ വന്‍ ജനകീയ പ്രക്ഷോഭം. റാവലകോട്ടിലെ ഈദ്ഗാഹ് മൈതാനത്ത് ഇന്ന് നടന്ന ജനകീയ പ്രകടനത്തോടെ പ്രതിഷേധം 22-ാം ദിവസത്തിലേക്ക് കടന്നു. ആയിരക്കണക്കിന് പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. പ്രവിശ്യ ഇനിമുതല്‍ പാകിസ്ഥാന്റെ നിയന്ത്രണത്തിലല്ലെന്നും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഇന്ത്യയുമായി കൂടുതല്‍ സഹകരണത്തിന് തയ്യാറാകുമെന്നും പ്രതിഷേധക്കാര്‍ പാക്ക് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.
ഭരണപരമായ അവഗണന, കടുത്ത സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, സര്‍ക്കാര്‍ നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ എന്നിവയ്ക്ക് എതിരെയാണ് പ്രവിശ്യയില്‍ ജനങ്ങള്‍ തെരുവില്‍ ഇറങ്ങിയത്. പ്രക്ഷോഭ വാര്‍ത്തകള്‍ പുറത്തുപോകാതിരിക്കാന്‍ ജൂണ്‍ അഞ്ച് മുതല്‍ അധികൃതര്‍ മേഖലയില്‍ ഇന്റര്‍നെറ്റ് പൂര്‍ണമായും വിച്ഛേദിച്ചു.

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സര്‍ദാര്‍ അമന്‍ ഖാന്റെ നേതൃത്വത്തിലാണ് നിലവില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നത്. ജനകീയ സമരം അടിച്ചമര്‍ത്താന്‍ പാക് അധികൃതര്‍ മേഖലയിലേക്കുള്ള ഭക്ഷണസാധനങ്ങളുടെയും മറ്റ് അവശ്യവസ്തുക്കളുടെയും വിതരണം രണ്ടാഴ്ചയോളം തടഞ്ഞിരുന്നു. ഇതോടെയാണ് പ്രതിഷേധം കൂടുതല്‍ ശക്തമായത്. പാക് അധീന കാശ്മീര്‍ പാകിസ്ഥാന്റെ ഭാഗമല്ലെന്നും തങ്ങള്‍ക്ക് പാകിസ്ഥാനെക്കാള്‍ ആവശ്യമുള്ളത് പാകിസ്ഥാന് തങ്ങളെയാണെന്നും സമരവേദിയില്‍ അമന്‍ ഖാന്‍ വ്യക്തമാക്കി.

ജൂണ്‍ ഒമ്പത് മുതല്‍ നിയന്ത്രണ രേഖയ്ക്ക് സമീപം മറ്റൊരു വലിയ ധര്‍ണയും സമരക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഭക്ഷണത്തിനും മറ്റ് അവശ്യവസ്തുക്കള്‍ക്കുമുള്ള ഉപരോധം തുടരുകയാണെങ്കില്‍ പാക് അധീന കാശ്മീരിലെ ജനങ്ങള്‍ സഹായത്തിനായി ഇന്ത്യയെ സമീപിക്കുമെന്ന് സര്‍ദാര്‍ അമന്‍ ഖാന്‍ അണികളോട് പറഞ്ഞു. ‘ഞങ്ങള്‍ പാകിസ്ഥാന്റെ ഭാഗമല്ല. പാക് സൈനിക മേധാവി ആസിം മുനീറിനെ ഞങ്ങള്‍ അംഗീകരിക്കുന്നില്ല. ഒരു ഏകാധിപതിയെയും ഇവിടുത്തെ ജനങ്ങള്‍ വച്ചുപൊറുപ്പിക്കില്ല.’ – സമരക്കാര്‍ പുറത്തുവിട്ട വീഡിയോയില്‍ വ്യക്തമാക്കുന്നു.

പാക് അധീന കാശ്മീരിലെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി ആഗോളതലത്തിലും പ്രവാസികള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ പാകിസ്ഥാന്‍ എംബസികള്‍ക്കും നയതന്ത്ര കാര്യാലയങ്ങള്‍ക്കും മുന്നില്‍ കാശ്മീരി പ്രവാസികള്‍ വന്‍ പ്രതിഷേധങ്ങളാണ് സംഘടിപ്പിക്കുന്നത്. മുസഫറാബാദ് അടക്കമുള്ള പ്രവിശ്യയില്‍ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതുവരെ പോരാട്ടം തുടരുമെന്നാണ് സമരസമിതി നേതാക്കളുടെ നിലപാട്.

 

 

Leave a Reply

Your email address will not be published. Required fields are marked *