നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു; ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ്


വിജയ മേത്ത (92) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി പത്തോടെ സൗത്ത് മുംബൈയിലെ വസതിയില്‍വെച്ചായിരുന്നു അന്ത്യം.
വിജയ് ടെണ്ടുല്‍ക്കര്‍, ശ്രീറാം ലാഗു, അരവിന്ദ് ദേശ്പാണ്ഡെ തുടങ്ങിയ പ്രതിഭകള്‍ക്കൊപ്പം മുംബൈ ആസ്ഥാനമായുള്ള ‘രംഗായന്‍’ എന്ന നാടകസംഘം സ്ഥാപിച്ചതില്‍ പ്രധാനിയാണ്. മറാഠിയില്‍ ഒട്ടേറെ നാടകങ്ങള്‍ സംവിധാനംചെയ്ത അവര്‍, ടെലിവിഷന്‍ പരമ്പരകളും ഫീച്ചര്‍ ഫിലിമുകളും ഒരുക്കി.
1984-ല്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രം പാര്‍ട്ടിയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി. ശ്യാം ബെനഗലിന്റെ കലിയുഗ് എന്ന ചിത്രത്തിലൂടെയാണ് സിനിമാ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. 2006-ല്‍ അമോല്‍ പലേക്കറുടെ ക്വസ്റ്റ് എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.
വിജയ മേത്ത സംവിധാനംചെയ്ത രണ്ടു ചിത്രങ്ങളിലും നായകന്‍ അനുപം ഖേര്‍ ആയിരുന്നു. തന്റെ ‘ബാരിസ്റ്റര്‍’ എന്ന നാടകത്തെ ആസ്പദമാക്കി 1985-ല്‍ പുറത്തിറക്കിയ ‘റാവു സാഹേബ്’ എന്ന ചിത്രത്തില്‍ അനുപം ഖേര്‍ പ്രധാന വേഷം ചെയ്തു. ഈ ചിത്രത്തിലെ അഭിനയത്തിന് വിജയ മേത്തയ്ക്ക് വീണ്ടും മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. അനുപം ഖേറുമായി ഒന്നിച്ച രണ്ടാമത്തെ ചിത്രം ‘പെസ്റ്റണ്‍ജി’ (1988) ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയ ഒന്നായിരുന്നു. നസീറുദ്ദീന്‍ ഷാ, ശബാന ആസ്മി, കിരണ്‍ ഖേര്‍ എന്നിവരായിരുന്നു ഇതിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.
മുതിര്‍ന്ന നടി ദുര്‍ഗ്ഗ ഖോട്ടെയുടെ മകന്‍ ഹരിന്‍ ഖോട്ടെയായിരുന്നു വിജയ മേത്തയുടെ ആദ്യ ഭര്‍ത്താവ്. അദ്ദേഹത്തിന്റെ മരണശേഷം ഫറൂഖ് മേത്തയെ വിവാഹം കഴിച്ചു.
വിജയ മേത്തയുടെ നിര്യാണത്തില്‍ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി, വിജയ മേത്ത കലാരംഗത്തിന് നല്‍കിയ സംഭാവനകള്‍ അനുസ്മരിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്, ഉപമുഖ്യമന്ത്രി സുനേത്ര പവാര്‍, എന്‍സിപി നേതാവ് സുപ്രിയ സുലെ, സിനിമാ പ്രവര്‍ത്തകരായ അനുപം ഖേര്‍, ശബാന ആസ്മി എന്നിവരും അനുശോചനം അറിയിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *