അന്ന് ഹൈക്കോടതിയിൽ സ്വയം വാദം ഇപ്പോൾ സുപ്രീംകോടതിയിലും

കൊച്ചി: വനംവകുപ്പിന്റെ അനാസ്ഥയ്ക്കെതിരെയുള്ള കേസിൽ ഹൈക്കോടതിയിൽ സ്വയം വാദിച്ചുജയിച്ച മേയ്മോൾ പി.ഡേവിസിനെ ഓർമ്മയില്ലേ. റീബിൽഡ് കേരള ഡെവലപ്മെന്റ് പ്രോഗ്രാം (ആർ.കെ.ഡി.പി) പ്രകാരം വിട്ടുകൊടുത്ത കൃഷിഭൂമിയുടെ നഷ്ടപരിഹാരത്തിനുവേണ്ടി വാദിച്ച് നഷ്ടപരിഹാരം നേടിയെടുത്ത ഗവേഷക വിദ്യാർത്ഥി. മേയ്മോൾ വീണ്ടും കോടതി കയറി. അതും സുപ്രീംകോടതിയിൽ. അന്ന് സ്വന്തം ആവശ്യത്തിനായിരുന്നു എങ്കിൽ ഇത്തവണ തന്റെ അതേ അവസ്ഥയിലൂടെ കടന്നുപോകുന്ന 33 വില്ലേജുകളിലെ ആളുകൾക്കുവേണ്ടിയാണ് വാദിച്ചത്. അവർക്ക് നീതിയിലേക്കുള്ള വഴി തുറക്കാനാകുകയും ചെയ്തു. നിയമബിരുദമൊന്നുമില്ലാതെ കോതമംഗലം തൃക്കാരിയൂർ കുർബാനപ്പാറ പൈനാടത്ത് പരേതനായ ഡേവിസിന്റെയും മോളിയുടെയും മകൾ മേയ്മോൾ (35) കോടതിയിൽ കത്തിക്കയറി. വാദം കേട്ട് സുപ്രീംകോടതി മേയ്മോളെ പ്രശംസിച്ചു. പാരാ-ലീഗൽ വൊളണ്ടിയർമാരെക്കാൾ ജ്ഞാനം മേയ്മോൾക്കുണ്ടെന്നും പറഞ്ഞു.

 

വന്യമൃഗശല്യം കാരണമാണ് ആർ.കെ.ഡി.പി പ്രകാരം പ്രദേശത്തെ 155 കുടുംബങ്ങൾക്കൊപ്പം മേയ്‌മോളും ക്യാൻസർ രോഗിയായ മാതാവ് മോളിയും ഭൂമി വനംവകുപ്പിന് കൈമാറിയത്. 2023 ആഗസ്റ്റ് 22ന് അപേക്ഷ നൽകിയിട്ടും നഷ്ടപരിഹാരം ലഭിച്ചില്ല. തുടർന്ന് മേയ്മോൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ വർഷം സിംഗിൾബെഞ്ച് വനംവകുപ്പിനോട് മൂന്ന് മാസത്തിനകം നഷ്ടപരിഹാരത്തുക നൽകാൻ നിർദ്ദേശിച്ചു. അങ്ങനെ 45 ലക്ഷം രൂപ നേടി. 33 വില്ലേജുകളിലായുള്ള മറ്റുള്ളവർക്കും നഷ്ടപരിഹാരം കിട്ടാനുണ്ടെന്നും ഈ വിധി അവർക്കും ബാധകമാക്കണമെന്നുമുള്ള ഹർജിയുമായി മേയ്മോൾ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഹർജി ഡിവിഷൻ ബെഞ്ച് നിരസിച്ചപ്പോഴാണ് സുപ്രീംകോടതിയിലെത്തിയത്. അപ്പീൽ അനുവദിച്ചില്ലെങ്കിലും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ, ജസ്റ്റിസ് വി.മോഹന എന്നിവരുടെ ബെഞ്ച് ആ മനസിനും ശ്രമത്തിനും മേയ്മോളെ പ്രശംസിക്കുകയായിരുന്നു. ചരിത്രത്തിലും ആർക്കിയോളജിയിലും ബിരുദാനന്തര ബിരുദവും നെറ്റും നേടിയിട്ടുണ്ട് മേയ്‌മോൾ.

Leave a Reply

Your email address will not be published. Required fields are marked *