വിഴിഞ്ഞം തുറമുഖം: ഓഹരി വില്‍ക്കലിന് അദാനി സംസ്ഥാനത്തിന്റെ അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് 13,000 കോടി രൂപയുടെ വിദേശ നിക്ഷേപം എത്തുന്നതിനെക്കുറിച്ച് സര്‍ക്കാരിന് വിവരം ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി. ഡി. സതീശന്‍. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷിപ്പിങ് കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കോര്‍പ്പറേഷന്‍ (എം.എസ്.സി) അദാനി പോര്‍ട്ടുമായി ചേര്‍ന്ന് നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നതായാണ് പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍, ഇത്തരമൊരു നീക്കത്തെക്കുറിച്ച് അദാനി ഗ്രൂപ്പ് ഇതുവരെ സര്‍ക്കാരിനോട് ഔദ്യോഗികമായി ആലോചിക്കുകയോ അനുമതി തേടുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
വിഴിഞ്ഞം പദ്ധതിയില്‍ സര്‍ക്കാരിന് പങ്കാളിത്തമുള്ളതാണെന്നും കരാര്‍ പ്രകാരം 2080-ല്‍ തുറമുഖത്തിന്റെ പൂര്‍ണാവകാശം സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ത്തന്നെ ഇത്തരം വലിയ നിക്ഷേപങ്ങള്‍ക്കും പങ്കാളിത്തങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ അനുമതി അനിവാര്യമാണ്. അദാനി ഗ്രൂപ്പും ഷിപ്പിങ് കോര്‍പ്പറേഷനുമായി ചര്‍ച്ചകള്‍ നടന്നിട്ടുണ്ടാകാം. അതിന്റെ അടിസ്ഥാനത്തിലായിരിക്കാം വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഴിഞ്ഞം പോര്‍ട്ട് സിറ്റി പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ച ‘വിഷന്‍ സമുദ്ര’യും കേരളത്തിന്റെ രണ്ടാംതലമുറ വികസന സ്വപ്നങ്ങള്‍ക്ക് കരുത്തുപകരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞത്തിന് പുറമെ മലബാറിലെ അഴീക്കല്‍, ബേപ്പൂര്‍ തുറമുഖങ്ങളുടെ വികസനത്തിനും സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

 

 

Leave a Reply

Your email address will not be published. Required fields are marked *