സംസ്ഥാനത്ത് ധനബില്‍ പാസാക്കി നിയമസഭ; മദ്യനയം യുഡിഎഫ് തീരുമാനിക്കും, എല്‍ഡിഎഫ് ഫയലുകള്‍ ഉദ്ധരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വന്‍ വിവാദങ്ങള്‍ക്കിടെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന ഉള്‍പ്പെടുത്തിയ ധനബില്ല് നിയമസഭ പാസാക്കി. ബജറ്റിന്റെ ഗ്രെയ്‌സ് കളയാന്‍ പ്രതിപക്ഷത്തിനൊപ്പം ചിലരും കൂടിയെന്ന് യുഡിഎഫിലെ വിമര്‍ശകരെ ലക്ഷ്യമിട്ട് മുഖ്യമന്ത്രി വി ഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു. കര്‍ഷകര്‍ക്കായി കൊണ്ടുവന്ന മദ്യനയ ഭേദഗതി വന്‍കിടകാര്‍ക്കായി അട്ടിമറിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു. കര്‍ഷകര്‍ക്ക് വേണ്ടിയെങ്കില്‍ ബക്കാര്‍ഡിയുമായി ചര്‍ച്ച എന്തിനായിരുന്നുവെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി നിര്‍ദ്ദേശം ബജറ്റില്‍ ഉള്ളതാണ്. ബജറ്റിലെ നികുതി നിര്‍ദ്ദേശം ധനബില്ലില്‍ വരുമെന്ന് അറിയാത്തയാളാണോ മുന്‍ മുഖ്യമന്ത്രിയെന്ന് വി ഡി സതീശന്‍ ചോദിച്ചു. ഇത് ധനബില്ലില്‍ ഒളിച്ച് കടത്തിയതല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇടത് ഭരണകാലത്തെ ഫയല്‍ കുറിപ്പുകള്‍ സഭയില്‍ ഉദ്ധരിച്ചു. വീര്യം കുറഞ്ഞ മദ്യം മദ്യാസക്തി കുറയ്ക്കും എന്ന് പറഞ്ഞവരാണ് ഇടതുപക്ഷം. ബിയറിനും വൈനിനും തുല്യമായ നികുതി വേണമെന്നാണ് ഫയലില്‍ എഴുതിയത്. മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഉയര്‍ന്ന നികുതിയാണ് യുഡിഎഫ് ചുമത്തിയതെന്നും വീര്യം കുറഞ്ഞ മദ്യം വില്‍ക്കണോയെന്ന് തീരുമാനിക്കേണ്ടത് യുഡിഎഫാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വീര്യം കുറഞ്ഞ മദ്യം വില്‍ക്കേണ്ട എന്ന് യുഡിഎഫ് തീരുമാനിച്ചാല്‍ വില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തെ ഊതിപ്പെരുപ്പിച്ച് വലുതാക്കിയതാണ്. അതിന് ഒന്നും വഴങ്ങുന്ന സര്‍ക്കാരല്ല ഇതെന്നും വി ഡി സതീശന്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *