തിരുവനന്തപുരം: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസനെ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ കെ.സി.എയ്‌ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളാണ് വിലക്കിന് കാരണം. സംഘടനയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ദൃശ്യ-സാമൂഹികമാദ്ധ്യമങ്ങളിലൂടെ പരാമര്‍ങ്ങള്‍ നടത്തിയെന്ന് കെ.സി.എ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയുണ്ടായത്.
വിവാദപരാമര്‍ശങ്ങളെ തുടന്ന് അന്ന് ശ്രീശാന്തിനും ഫ്രാഞ്ചൈസി ടീമുകളായ കൊല്ലം ഏരീസ്, ആലപ്പി റിപ്പിള്‍സ് ടീം ലീഡ് കണ്ടെന്റെര്‍ സായി കൃഷ്ണന്‍ എന്നിവര്‍ക്കെതിരെയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചൈസി ടീമായ കൊല്ലം ഏരീസ് സഹ ഉടമയാണ് ശ്രീശാന്ത്. വിലക്കിനെ തുടര്‍ന്ന് ശ്രീശാന്ത് മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും അത് തള്ളുകയായിരുന്നു. പിന്നീട് ഖേദം പ്രകടിപ്പിച്ച് ശ്രീശാന്ത് രംഗത്തെത്തുകയായിരുന്നു.
ശ്രീശാന്ത് ഔദ്യോഗകമായി സമര്‍പ്പിച്ച മാപ്പപേക്ഷ 2026 ജൂലായ് ഒന്നിന് ചേര്‍ന്ന കെസിഎ സ്പെഷ്യല്‍ ജനറല്‍ ബോഡി വിശദമായി ചര്‍ച്ച ചെയ്തു. ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍ വിലക്ക് പിന്‍വലിക്കാന്‍ യോഗം തീരുമാനിക്കുകയായിരുന്നു. ഇനി ഇത്തരത്തമുള്ള നടപടികള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശനമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. വിലക്ക് പിന്‍വലിച്ചതോടെ ഫ്രാഞ്ചൈസി ടീമായ കൊല്ലം ഏരീസിന്റെ സഹഉടമയായി തുടരാന്‍ ശ്രീശാന്തിന് സാധിക്കും.
വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ ശ്രീശാന്ത് നടത്തിയ പ്രതികരണം
കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ എനിക്കെതിരെ മൂന്നു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി എന്നൊക്കെയാണ് പറയുന്നത്. എന്താണ് ഞാന്‍ ചെയ്ത തെറ്റ് എന്നറിയില്ല. ഗോഡ്‌സ ഓണ്‍ കണ്‍ട്രിയുടെ സ്വന്തം സണ്‍ സഞ്ജുവിനെ പിന്തുണച്ചു. അതല്ലാതെ അസോസിയേഷനെതിരെ ഒന്നും പറഞ്ഞിട്ടില്ല. അസോസിയേഷനില്‍ ഉള്ളവര്‍ ക്രിക്കറ്റ് കളിച്ചിട്ടുള്ളവരായിരുന്നെങ്കില്‍, അതായത് വലിയ ലെവലില്‍ ക്രിക്കറ്റ് കളിച്ചിട്ടുള്ളവരായിരുന്നെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്നു എന്നാണ് ഞാന്‍ പറഞ്ഞത്.
ടിനുച്ചേട്ടനെപ്പോലെയുള്ളവര്‍ (ടിനു യോഹന്നാന്‍) കുറച്ചുകാലമായി ടീമിനൊപ്പമുണ്ട്.
ടിനുച്ചേട്ടനേപ്പോലുള്ളവര്‍ അസോസിയേഷനില്‍ വന്നാല്‍ കുറച്ചുകൂടി നന്നായിരിക്കും എന്നു മാത്രമാണ് പറഞ്ഞത്. അസോസിയേഷനിലുള്ളവര്‍ എന്തുകൊണ്ടാണ് അത് വളച്ചൊടിച്ച് എന്നെ ലക്ഷ്യം വയ്ക്കുന്നതെന്ന് മനസ്സിലാകുന്നില്ല. എനിക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റോ സെക്രട്ടറിയോ ഒന്നും ആകാന്‍ ഒരു ആഗ്രഹവുമില്ല. അതോ വോട്ടിന്റെ പേരിലുള്ള പേടിയാണോ എന്നും അറിയില്ല. എന്താണെന്ന് എനിക്ക് അറിയില്ല. എന്തായാലും നന്ദിയുണ്ട്. നമ്മള്‍ എപ്പോഴും സഞ്ജുവിനെയും മലയാളികളായ ക്രിക്കറ്റര്‍മാര്‍ ലോകത്തിന്റെ ഏതു കോണിലുണ്ടെങ്കിലും പിന്തുണച്ചിരിക്കും. കേരളമെന്നു കേട്ടാല്‍ തിളയ്ക്കും ചോര ഞരമ്പുകളില്‍. ലവ് യു. ജയ് ഹിന്ദ്. – ശ്രീശാന്ത് പറഞ്ഞു.
