വിഴിഞ്ഞം ഓഹരി കൈമാറ്റം: അദാനി ഗ്രൂപ്പിനെതിരെ കടുപ്പിച്ച് സര്‍ക്കാര്‍; അതൃപ്തി അറിയിച്ചു

തിരുവനന്തപുരം: അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡില്‍ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി നിക്ഷേപം നടത്തുന്നെന്ന പ്രഖ്യാപനത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍. സര്‍ക്കാരിന്റെ അനുമതിയോടെയെ ഓഹരി ഘടനയില്‍ മാറ്റം വരുത്താനാകൂ. കരാറിലെ വ്യവസ്ഥകളും മറ്റ് നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തുടര്‍ നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയോ സര്‍ക്കാരുമായി കൂടിയാലോചന നടത്തുകയോ ചെയ്യാതെയാണ് അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡില്‍ 49 ശതമാനം ഓഹരി പങ്കാളിത്തത്തോടെ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി നിക്ഷേപം നടത്തുന്നെന്ന പ്രഖ്യാപനമുണ്ടായത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അതൃപ്തി അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് മാനേജ്മെന്റിനെ അറിയിച്ചുവെന്നും മുഖ്യമന്ത്രി ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരുമായി ഉണ്ടാക്കിയ കണ്‍സഷന്‍ കരാറിന്റെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാര്‍ത്ഥ്യമായത്. സര്‍ക്കാരിന്റെ അനുമതിയോട് കൂടി മാത്രമെ കണ്‍സഷെനയറുടെ ഓഹരി ഘടനയില്‍ മാറ്റം വരുത്താനാകൂ. കണ്‍സഷന്‍ കരാറിലെ ബാധകമായ വ്യവസ്ഥകളും മറ്റ് നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും കര്‍ശനമായി പരിശോധിച്ചതിന് ശേഷം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തുടര്‍ നിലപാട് സ്വീകരിക്കും. സംസ്ഥാനത്തിന്റെ താല്‍പര്യം പൂര്‍ണമായും സംരക്ഷിച്ച്, വിഴിഞ്ഞം തുറമുഖത്തെ ആഗോളതലത്തില്‍ മത്സരക്ഷമമായ ട്രാന്‍സ്ഷിപ്മെന്റ് ഹബ്ബെന്ന നിലയില്‍ അതിന്റെ പൂര്‍ണ സാധ്യതകള്‍ കൈവരിക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
നേരത്തെ, വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരിക്കൈമാറ്റത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സംസ്ഥാന സര്‍ക്കാരിന് കത്തുനല്‍കിയിരുന്നു. 49 ശതമാനം ഓഹരി എം.എസ്.സി.ക്ക് കൈമാറാനുള്ള തീരുമാനം അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ഔദ്യോഗികമായി ബുധനാഴ്ചയാണ് സര്‍ക്കാരിനെ അറിയിച്ചത്. തുറമുഖ നടത്തിപ്പിന് സര്‍ക്കാരുമായുള്ള കരാറിലെ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടിയാണ് കത്ത്. വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറുന്നത് സംബന്ധിച്ച തീരുമാനം വിവാദമായതോടെയാണ് നടപടി വേഗത്തിലാക്കിയത്.

 

 

Leave a Reply

Your email address will not be published. Required fields are marked *