
കണ്ണൂര്‍: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വാര്‍ത്താസമ്മേളനത്തിലൂടെ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വിഴിഞ്ഞം ഓഹരി കൈമാറ്റം നടത്താന്‍ അദാനിക്ക് ഇത്ര ധൈര്യം എവിടെനിന്ന് ലഭിച്ചു എന്ന് ചോദിച്ച അദ്ദേഹം സെബിക്കും സ്റ്റോക്ക് എക്സ്ചേഞ്ച് അധികാരികള്‍ക്കും കത്തയച്ചിട്ടുണ്ടെന്നും പറഞ്ഞു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടലുകളോ ജാഗ്രതയോ ഇല്ലാത്തതുകൊണ്ടാണ് താന്‍ കത്തയച്ചതെന്നും പിണറായി പറഞ്ഞു
‘വിഴിഞ്ഞം ഓഹരി കൈമാറ്റം സെബി നിര്‍ദേശങ്ങളുടെ നഗ്‌നമായ ലംഘനമാണ്. സര്‍ക്കാരിനെ അറിയിക്കാതെ ഓഹരി കൈമാറ്റം നടത്താന്‍ അദാനിക്ക് ഇത്ര ധൈര്യം എവിടെ നിന്ന് ലഭിച്ചു. ഇതിലെല്ലാം ദുരൂഹതയുണ്ട്. ആലോചിച്ച് ഉറപ്പിച്ച കച്ചവടം പോലെയാണ് ഇതിനെ കാണുന്നത്. കേരളത്തില്‍ അദാനി ഗ്രൂപ്പിന് വഴിവിട്ട പരിഗണന നല്‍കിയെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയാതെ പറയുന്നത്. വിഴിഞ്ഞം തുറമുഖത്തെ കോര്‍പ്പറേറ്റുകള്‍ക്ക് അടിയറ വയ്ക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഈ നീക്കത്തെ പ്രതിപക്ഷം രാഷ്ട്രീയമായും നിയമപരമായും നേരിടും. അദാനിയുടെ വക്താവാകുന്നതിന് പകരം സര്‍ക്കാര്‍ സംസ്ഥാന താല്‍പ്പര്യം സംരക്ഷിക്കണം.
ഓഹരി കൈമാറ്റം സുതാര്യമായിരിക്കണമെന്നും സ്റ്റോക്ക് എക്സ്ചേഞ്ച് അധികാരികളെ അറിയിക്കണമെന്നുമാണ് സെബിയുടെ നിര്‍ദേശം. എന്നാല്‍, ഓഹരി കൈമാറ്റം സെബിയെപ്പോലും അറിയിച്ചിട്ടില്ല. സെബിക്കും സ്റ്റോക് എക്സ്ചേഞ്ച് അധികാരികള്‍ക്കും കത്തയച്ചു. സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ ഗൗരവമായി പരിഗണിക്കാത്തതുകൊണ്ടാണ് കത്തയച്ചത്.
25 ശതമാനത്തിലധികം ഓഹരി കൈമാറണമെങ്കില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന് വ്യവസ്ഥയുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഓഹരി കൈമാറ്റം കഴിയില്ല. സെബിക്ക് നല്‍കിയ അപേക്ഷ മാനദണ്ഡം പാലിച്ചില്ല. ദേശീയ സുരക്ഷയും പൊതുതാല്‍പ്പര്യവും മാനിച്ചുകൊണ്ട് മാത്രമേ അനുമതി നല്‍കാവൂ എന്നാണ് കരാറിലുള്ളത്. ഓഹരി കൈമാറ്റം സംബന്ധിച്ച അപേക്ഷയില്‍ വിശദീകരണം തേടണമെന്നും ഇതില്‍ മേല്‍നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്’ – പ്രതിപക്ഷ നേതാവ് പറഞ്ഞു.