ഓടിളക്കി വന്നവരല്ല അമ്മയെങ്ങനെ ഫംഗ്ഷന്‍ ചെയ്യണമെന്ന് തീരുമാനിക്കേണ്ടത്, മമ്മൂക്കയ്ക്കും ലാലേട്ടനും നന്ദി’


കൊച്ചി: അമ്മയിലെ പ്രശ്നങ്ങളില്‍ തനിക്കൊപ്പം നിന്ന നടന്മാരായ മോഹന്‍ലാലിനും മമ്മൂട്ടിക്കും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍. പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവയ്ക്കരുതെന്നും നിലപാടില്‍ ഉറച്ചുനില്‍ക്കണമെന്നും പോരാടണമെന്നും നടന്മാര്‍ പറഞ്ഞതായും ശ്വേത വെളിപ്പെടുത്തി. സാമൂഹിക മാദ്ധ്യമക്കുറിപ്പിലൂടെയാണ് നടി നന്ദി പറഞ്ഞത്.
‘നിങ്ങള്‍ക്ക് വാക്കുകള്‍ കൊണ്ട് എന്നെ വെടിവയ്ക്കാം. എന്നാല്‍ വായു പോലെ ഞാന്‍ ഉയരും – മായ ആഞ്ചലോ. എന്നോടൊപ്പം നിന്നതിന് മമ്മൂക്കയ്ക്കും ലാലേട്ടനും നന്ദി പറയുന്നു. രാജിവയ്ക്കരുതെന്നും എന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കണമെന്നും പോരാടണമെന്നും അവര്‍ പറഞ്ഞു. എനിക്കൊപ്പം നിന്ന, ഈ പോരാട്ടം പൊരുതേണ്ടതാണെന്ന് വിശ്വസിക്കുന്ന അമ്മയിലെ എല്ലാ അംഗങ്ങള്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’- എന്നുപറഞ്ഞുകൊണ്ടാണ് ശ്വേതാ മേനോന്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം
സത്യമേവ ജയതേ
അമ്മയിലെ ചില തര്‍ക്കങ്ങള്‍ മുതലെടുത്ത് അമ്മയെ ഹൈജാക്ക് ചെയ്യാനുള്ള ചിലരുടെ ശ്രമം കോടതി ഇടപെട്ട് തടഞ്ഞിരിക്കുകയാണ്. രാജിവയ്ക്കരുതെന്നും എന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കണമെന്നും പോരാടണമെന്നും എന്നോട് പറഞ്ഞ മമ്മൂക്കയ്ക്കും ലാലേട്ടനും, ഈ പോരാട്ടത്തില്‍ എനിക്കൊപ്പം ഉറച്ചുനിന്ന എല്ലാ അമ്മ മെമ്പര്‍മാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

എന്‍ബി – ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല അമ്മ എങ്ങനെ ഫംഗ്ഷന്‍ ചെയ്യണം എന്ന് തീരുമാനിക്കേണ്ടത്. അമ്മയുടെ ഭൂരിപക്ഷം മെമ്പേഴ്‌സാണ് അത് തീരുമാനിക്കേണ്ടത്. ശരിക്കും അമ്മയുടെ കമ്മിറ്റിയില്‍ വരാന്‍ ആഗ്രഹമുള്ളവര്‍ ഞങ്ങളെപ്പോലെ ഇലക്ഷനില്‍ മത്സരിച്ചാണ് വരേണ്ടത്. അല്ലാതെ പിന്‍വാതിലിലൂടെയോ ഓടിളക്കിയോ അല്ല.
ശ്വേതാ മേനോന്‍
അമ്മ പ്രസിഡന്റ്

 

 

Leave a Reply

Your email address will not be published. Required fields are marked *