
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വാഴോട്ടുകോണം വാര്‍ഡിലെ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ ജാമ്യപേക്ഷ തള്ളി. വട്ടിയൂര്‍ക്കാവ് വെള്ളക്കടവ് ജംഗ്ഷനില്‍ വച്ച് അരുവിപ്പുറം കുളുമല സ്വദേശി പ്രശാന്തിനെ മര്‍ദ്ദിച്ച കേസ്, കാപ്പാക്കേസില്‍ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ ആക്രമിച്ച കേസ് എന്നിങ്ങനെ രണ്ടുകേസുകളിലാണ് സുഗതന്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത്. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയാണ് രണ്ട് ജാമ്യപേക്ഷകളും തള്ളിയത്.
വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനില്‍ 11 കേസും നെടുമങ്ങാട് ഒരു കേസുമാണ് സുഗതനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആറ് വധശ്രമക്കേസുകള്‍, ഭീഷണിപ്പെടുത്തല്‍, വഴിതടയല്‍, പൊലീസിനെതിരെ കയ്യേറ്റം, വീടുകയറി വാഹനം അടിച്ചുതകര്‍ക്കല്‍, ഭീകരാന്തരീക്ഷം സൃഷ്ടിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന, ആയുധം ഉപയോഗിച്ച് മാരകമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കേസുകളാണ് സുഗതനെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നത്. കാപ്പ ചുമത്തിയതിനെ തുടര്‍ന്ന് ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ് സുഗതന്‍.
കാപ്പ കേസില്‍ പ്രതിയായിരുന്ന സുഗതന് 2025ല്‍ കര്‍ശന ഉപാധികളോടെയാണ് ജാമ്യം ലഭിച്ചത്. തുടര്‍ന്നാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. വിജയിച്ച ശേഷം തിരുവനന്തപുരം നഗരസഭയിലെ കൗണ്‍സിലറായി സുഗതന്‍ അധികാരമേറ്റു. എന്നാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന ഗാനമേളയില്‍ സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ സുഗതനും കൂട്ടാളികളും പൊലീസ് കസ്റ്റഡിയിലായി. ഇവര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുക്കുകയായിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ സുഗതനെ കഴിഞ്ഞ മാസം ഒന്‍പതിന് പൊലീസ് വീടുവളഞ്ഞ് പിടികൂടുകയായിരുന്നു. തുടര്‍ന്നാണ് ഇയാളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.