
തിരുവനന്തപുരം: തന്റെ പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്നവര്‍ രാജി വെച്ച സംഭവത്തില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ മുരളീധരന്‍. താന്‍ രാത്രി 12 മണി വരെ സെക്രട്ടറിയേറ്റില്‍ ജോലി ചെയ്യുന്ന ആളാണെന്നും അത്രയും സമയം ഇരിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കാരണമാണ് ചിലര്‍ സ്വയം ഒഴിഞ്ഞുപോയതെന്നും അദ്ദേഹം പറഞ്ഞു. ജോലിഭാരം ഏറ്റെടുക്കാന്‍ പ്രയാസമുള്ളവര്‍ ഒഴിഞ്ഞുപോകുമ്പോള്‍ പുതിയ ആളുകളെ നിയമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജോലിയിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ കാരണമാണ് അവര്‍ സ്വയം പിരിഞ്ഞുപോയതെന്ന് അവര്‍ തന്നെ വിശദീകരണം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ വന്നതിനുശേഷം എല്ലാവരെയും ആശയ ദാരിദ്ര്യം ബാധിച്ചിട്ടുണ്ടെന്നും, അതുകൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചയാകുന്നതെന്നും അദ്ദേഹം ഈ വിഷയത്തില്‍ പ്രതികരിച്ചു.
സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ നിലവില്‍ നിയന്ത്രണവിധേയമാണെന്നും എന്നാല്‍ മഴ കനത്താല്‍ ഡെങ്കിപ്പനി പടരാന്‍ സാധ്യതയുണ്ടെന്നും മന്ത്രി അറിയിച്ചു. രോഗവ്യാപനം തടയുന്നതിനായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും ‘ഡ്രൈ ഡേ’ ആചരണം കൂടുതല്‍ വിപുലീകരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍, പ്രത്യേകിച്ച് മെഡിക്കല്‍ കോളേജുകളില്‍ രോഗികളെ നിലത്ത് കിടത്തുന്ന സാഹചര്യം ഒഴിവാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പനി ക്ലിനിക്കുകള്‍ പൂര്‍ണ്ണമായും മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായി 200-ഓളം ബെഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം പുലയനാര്‍കോട്ടയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലുമാണ് ഈ പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് പുതിയ ബ്ലോക്ക് നിര്‍മ്മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനായുള്ള നടപടികള്‍ ഏകോപിപ്പിക്കാന്‍ ഡി.എം.ഇ, ഡി.എച്ച്.എസ് എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി