ഇറാന് കയറ്റുമതി വിലക്ക് നീക്കി അമേരിക്ക; 60 ദിവസത്തെ ലൈസന്‍സ് നല്‍കി യുഎസ് ട്രഷറി വകുപ്പ്

 

വാഷിംഗ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ ഇറാന്റെ കയറ്റുമതി വിലക്ക് നീക്കി അമേരിക്ക. ഇറാനിയന്‍ എണ്ണയുടെ ഉത്പാദനത്തിനും വിതരണത്തിനും വില്‍പ്പനയ്ക്കും യുഎസ് ട്രഷറി വകുപ്പ് അനുമതി നല്‍കി. ഇരു രാജ്യങ്ങളും തമ്മില്‍ അന്തിമ സമാധാന കരാറിലെത്തുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടയിലാണ് ഈ താല്‍ക്കാലിക ലൈസന്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്. 60 ദിവസത്തേക്ക് അതായത് ഓഗസ്റ്റ് 21 വരെയാണ് ലൈസന്‍സ് നല്‍കിയത്.
ഇറാന്റെ ക്രൂഡ് ഓയില്‍, പെട്രോകെമിക്കല്‍, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഉത്പാദനവും വിതരണവും വില്‍പ്പനയും ഓഗസ്റ്റ് 21 വരെ അനുവദിക്കും. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിര്‍ണായക ചര്‍ച്ച പുരോഗമിക്കുന്നതിനിടെ ആണ് യുഎസിന്റെ ഈ നീക്കം. അതിനിടെ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് രാജ്യത്ത് പരിശോധന നടത്താന്‍ അനുമതി നല്‍കുമെന്ന് ഇറാന്‍ സമ്മതിച്ചിട്ടുണ്ടെന്ന് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് 60 ദിവസത്തെ താല്‍ക്കാലിക ഇളവ് നല്‍കിയതെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

ഇറാനിയന്‍ എണ്ണ യുഎസിലേക്ക് കൊണ്ടുവരാം
കഴിഞ്ഞ ആഴ്ച യുഎസും ഇറാനും ഒപ്പുവെച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ ഇറാനിയന്‍ ക്രൂഡ് ഓയില്‍, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിക്കായി പ്രത്യേക ഇളവുകള്‍ നല്‍കാന്‍ അമേരിക്ക സമ്മതിച്ചിരുന്നു. ബാങ്കിംഗ് ഇടപാടുകള്‍, ഇന്‍ഷുറന്‍സ്, ഗതാഗതം എന്നിവയുള്‍പ്പെടെയുള്ള അനുബന്ധ സേവനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ന് പുറപ്പെടുവിച്ച പൊതു ലൈസന്‍സ് പ്രകാരം ഇറാനില്‍ നിന്നുള്ള ക്രൂഡ് ഓയിലും മറ്റ് പെട്രോളിയം ഉല്‍പ്പന്നങ്ങളും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യാനും അനുവാദമുണ്ട്. വില്‍പ്പനയോ വിതരണമോ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ ഘട്ടങ്ങളില്‍ ഇറാനിയന്‍ എണ്ണ യുഎസിലേക്ക് കൊണ്ടുവരാമെന്ന് ലൈസന്‍സില്‍ വ്യക്തമാക്കുന്നു. അതേസമയം അമേരിക്ക കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ള ഉത്തര കൊറിയ, ക്യൂബ എന്നീ രാജ്യങ്ങളുമായുള്ള യാതൊരുവിധ ഇടപാടുകള്‍ക്കും ഈ താല്‍ക്കാലിക ലൈസന്‍സ് വഴി അനുമതി നല്‍കിയിട്ടില്ലെന്നും യുഎസ് ട്രഷറി വകുപ്പ് വ്യക്തമാക്കി.

 

 

Leave a Reply

Your email address will not be published. Required fields are marked *