പൊലീസില്‍ അടിമുടി അഴിച്ചുപണി, എസ്എച്ച്ഒ തലം മുതല്‍ പരിഷ്‌ക്കാരം; ആഭ്യന്തരമന്ത്രി നാളെ ഉദ്യോഗസ്ഥരുമായി ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തും

 

  • സംസ്ഥാന പൊലീസ് സേനയില്‍ അടിമുടി പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ ആഭ്യന്തര വകുപ്പ് ഒരുങ്ങുന്നു.
    തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയില്‍ അടിമുടി പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവരാന്‍ ആഭ്യന്തര വകുപ്പിന്റെ നീക്കം. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ (എസ്.എച്ച്.ഓ) മുതല്‍ മുകള്‍ത്തട്ടിലുള്ള ഉന്നത ഉദ്യോഗസ്ഥര്‍ വരെ ഉള്‍പ്പെടുന്ന നിലവിലെ ഘടനയില്‍ വലിയ അഴിച്ചുപണിക്കാണ് തുടക്കമിടുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്ന് ചേരുന്ന ഉന്നതതല യോഗത്തില്‍ ചര്‍ച്ച ചെയ്യും.

ഉച്ചയ്ക്ക് ശേഷം സംസ്ഥാന പൊലീസ് മേധാവി മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. നവീകരണം വേഗത്തിലാക്കുന്നതിനായുള്ള അതിവേഗ ചര്‍ച്ചകളാണ് ഇപ്പോള്‍ ആഭ്യന്തര വകുപ്പില്‍ പുരോഗമിക്കുന്നത്. എസ്.എച്ച്.ഒ തലത്തിലുള്ള പരിഷ്‌ക്കാരങ്ങള്‍ ഒരു മാസത്തിനകം തന്നെ പൂര്‍ത്തിയാക്കി നടപ്പിലാക്കാനാണ് നിലവിലെ നീക്കം.

പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സുതാര്യവും എളുപ്പത്തിലുമുള്ള സേവനങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളെ പൂര്‍ണ്ണമായും സര്‍വീസ് സെന്ററുകളായി മാറ്റാനാണ് പുതിയ പരിഷ്‌ക്കാരത്തിലൂടെ ലക്ഷ്യമിടുന്നത്. ജനസൗഹൃദപരമായ സമീപനവും വേഗത്തിലുള്ള പരാതി പരിഹാരവും ഇതിലൂടെ ഉറപ്പാക്കും.
ലഹരി മാഫിയക്കെതിരെയുള്ള സര്‍ക്കാരിന്റെ ശക്തമായ പോരാട്ടമായ ‘ഓപ്പറേഷന്‍ തൂഫാന്‍’ കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമാകും. നിലവില്‍ വലിയ വിജയമായി മുന്നേറുന്ന ഈ ആന്റി-നാര്‍ക്കോട്ടിക് ക്യാമ്പയിന്‍ കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പ്രത്യേക സംഘത്തിന് രൂപം നല്‍കുന്നത്.

പരിഷ്‌ക്കാരങ്ങളുടെ പശ്ചാത്തലത്തില്‍, നാളെ സംസ്ഥാനത്തെ മുഴുവന്‍ എസ്.എച്ച്.ഓമാരുമായും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഓണ്‍ലൈന്‍ വഴി നേരിട്ട് സംസാരിക്കും. പുതിയ മാറ്റങ്ങളും നിര്‍ദ്ദേശങ്ങളും അദ്ദേഹം ഉദ്യോഗസ്ഥരെ അറിയിക്കുമെന്നാണ് വിവരം.

 

Leave a Reply

Your email address will not be published. Required fields are marked *