ഇരുപത്തിമൂന്നമാത് ഫിഫ ലോകകപ്പിന് ഇന്ന് തുടക്കം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30ന് മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഉദ്ഘാടന മത്സരം. 48 ടീമുകളുമായി ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിനാണ് ഇത്തവണ കളമൊരുങ്ങുന്നത്. ആദ്യമായി മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പിന് അമേരിക്കയും മെക്സിക്കോയും കാനഡയും വേദിയാകും.ജൂണ്‍ 12 മുതല്‍ ജൂലൈ 19 വരെ 16 സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങള്‍. 32ന് പകരം 48 ടീമുകള്‍ കളത്തിലെത്തുന്നതോടെ 64 മത്സരങ്ങളുണ്ടായിരുന്നത് 104ആയി ഉയരും. ട്രിയോണ്ട പന്തും കൃത്യത ഉറപ്പുവരുത്താനുള്ള പുത്തന്‍ സാങ്കേതിക വിദ്യകളും തുടങ്ങി നിരവധി മാറ്റങ്ങളോടെയാണ് ലോകകപ്പ് ആരാധകര്‍ക്ക് മുന്നിലെത്തുന്നത്.കിരീടം നിലര്‍ത്താന്‍ ചാമ്പ്യന്മാരായ അര്‍ജന്റീനയും ആറാം ലോകകപ്പ് ലക്ഷ്യമിട്ട് ബ്രസീലും ലോകകപ്പിന് സജ്ജം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്ന പടനായകനായി കപ്പടിക്കാനാണ് പോര്‍ച്ചുഗല്‍ ഇറങ്ങുന്നത്. ലാമിന് യമാലിന്റെ കരുത്തില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്പെയ്നും കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ഫൈനലില്‍ കളിച്ച എംബാപ്പെയുടെ ഫ്രാന്‍സ്, പ്രൗഢപാരമ്പര്യവുമായി ജര്‍മ്മനി, .അങ്ങനെ വമ്പന്മാരെല്ലാം തീ പാറും പോരാട്ടത്തിന് ഒരുങ്ങി കഴിഞ്ഞു.കളത്തിനകത്തെ പോരാട്ടങ്ങള്‍ക്കപ്പുറം, കളത്തിന് പുറത്തും നാടകീയ സംഭവങ്ങള്‍ അരങ്ങേറിയേക്കും. പശ്ചിമേഷ്യന്‍ സംഘര്‍ഷവും ട്രംപിന്റെ പിടിവാശിയും തുടങ്ങി നിരവധി പ്രതിഷേധങ്ങള്‍ക്ക് മത്സര വേദികള്‍ സാക്ഷിയായേക്കും. ഇതിഹാസങ്ങളുടെ വിടവാങ്ങലും പുതു നക്ഷത്രങ്ങളുടെ ഉദയവും ഒരേ വേദിയില്‍ സംഗമിക്കുന്ന ലോകകപ്പ് ആവേശത്തിനായി ഫുട്ബോള്‍ പ്രേമികള്‍ കാത്തിരിക്കുകയാണ്.