കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബാരൂപൂരിൽ 11കാരിയുടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. പെൺകുട്ടിയെ ചാക്കിൽക്കെട്ടി ജീവനോടെ കുളത്തിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. കൊൽക്കത്തിയിലെ നോർത്ത് 24 പർഗാനാസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സംഭവത്തെ തുടർന്ന് ദക്ഷിണ 24 പർഗാനാസിൽ വ്യാപക അക്രമം പൊട്ടിപ്പുറപ്പെട്ടു. പ്രകോപിതരായ ജനക്കൂട്ടം ഒരു പ്രതിയെ തല്ലിക്കൊന്നു. ശനിയാഴ്ച വൈകുന്നേരം സുഹൃത്തിന് പിറന്നാൾ സമ്മാനം വാങ്ങാൻ പോയ പെൺകുട്ടിയെയാണ് കാണാതായത്. തുടർന്ന് ഞായറാഴ്ച കൊൽക്കത്തയിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള പ്രദേശത്തെ കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
പെൺകുട്ടിയുടെ ശരീരത്തിലും രഹസ്യഭാഗങ്ങളിലും ഗുരുതരമായ മുറിവുകളും കടിച്ചു കീറിയ അടയാളങ്ങളുമുണ്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ സൂചിപ്പിക്കുന്നു. കുട്ടിയുടെ തലയിൽ മാരകായുധം ഉപയോഗിച്ച് അടിക്കുകയോ തല ശക്തിയായി ഇടിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. കുളത്തിലേക്ക് എറിയുമ്പോൾ പെൺകുട്ടിക്ക് ജീവനുണ്ടായിരുന്നു എന്നാണ് ശ്വാസകോശത്തിലും വയറ്റിലും വെള്ളം കണ്ടെത്തിയതിലൂടെ മനസിലാകുന്നത്. തലയ്‌ക്കേറ്റ ഗുരുതര പരിക്ക് കടുത്ത രക്തസ്രാവവും വെള്ളത്തിൽ മുങ്ങിയതുമാണ് മരണത്തിന് കാരണമായതെന്നും പൊലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതിയായ ആനന്ദ് സർദാറിനെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തു. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. മൂന്ന് പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസന്വേഷണത്തിനായി അഡീഷണൽ എസ്പിയുടെ നേതൃത്വത്തിൽ ആറംഗ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചിട്ടുണ്ട്.