ചെളിയിൽ വീണ അവളെ ഞാൻ എടുത്തുയർത്തി”: ഞെട്ടലിൽ ബെൽരാജും കൂടമ്മാളും

മേപ്പാടി: ‘ഒന്നും ഓർമ്മയില്ല. മലയിടിഞ്ഞുവരുമ്പോലെ മഴവെള്ളം മണ്ണിനൊപ്പം കുത്തിയൊലിച്ചെത്തി. രക്ഷപ്പെടുന്നതിനിടെയാണ് അവളെ മലവെള്ളം മൂടിയത്. അപ്പോൾ എന്റെ നിലവിളി മലയോളം പൊങ്ങിപ്പോയി…’ ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാതയുടെ കള്ളാടി ഭാഗത്ത് ഇന്നലെയുണ്ടായ ദാരുണ ദുരന്തത്തിൽ നിന്ന് ഭര്യയ്ക്കൊപ്പം രക്ഷപ്പെട്ട തമിഴ്‌നാട് സ്വദേശി ബെൽരാജ് പറഞ്ഞു.

ദുരന്തം നടന്നതിന്റെ അക്കരെയുള്ള മീനാക്ഷി എസ്റ്റേറ്റിലെ തൊഴിലാളികളാണ് ബെൽരാജും ഭാര്യ കൂടമ്മാളും. ഇന്നലെ കനത്തമഴ കാരണം പണിയുണ്ടായിരുന്നില്ല. മക്കൾ രണ്ടുപേരും തൊട്ടടുത്ത സ്‌കൂളിൽപോയി. രാവിലെ പതിനൊന്നോടെ രണ്ടുപേരും സാധനങ്ങൾ വാങ്ങാൻ മേപ്പാടിയിലേക്ക് വരികയായിരുന്നു. ദുരന്തം നടന്ന കള്ളാടി ബസ് സ്റ്റോപ്പിന് സമീപമെത്തിയപ്പോഴാണ് ഹുങ്കാര ശബ്ദത്തോടെ മണ്ണിടിഞ്ഞിറങ്ങിയത്. സമീപത്തായുള്ള ലോറിയടക്കം ഒലിച്ചുവന്നു.

കൂടമ്മാൾ ചെളിയിൽ പെട്ടു. ബെൽരാജിന്റെ തലയിലേക്കും മണ്ണിടിച്ചിറങ്ങി. ബെൽരാജ് രക്ഷപ്പെട്ട് പുറത്തെത്തിയപ്പോൾ ഭാര്യയുടെ കൈമാത്രം പുറത്തുണ്ട്. പളനി മുരുകന്റെ കടാക്ഷം കൊണ്ടാകണം അവളെ എനിക്ക് തിരിച്ചുകിട്ടി. മക്കൾക്ക് അച്ഛനും അമ്മയും ബാക്കിയായി. എല്ലാം മുരുകന്റെ കടാക്ഷമെന്ന് വീണ്ടും ബെൽരാജ്. ഇരുവരേയും സ്വകാര്യ മെഡിക്കൽ കോളേജിലേക്കാണ് കൊണ്ടുപോയത്. നിസാര പരിക്കായതിനാൽ വൈകിട്ടോടെ വീട്ടിലേക്ക് വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *