അറ്റ്‌ലാന്റ: ഫുട്ബാൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തിരിച്ചുവരവുകളിലൊന്നിനാണ് അറ്റ്‌ലാന്റയിലെ മെഴ്സിഡസ് ബെൻസ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. പരാജയം മുഖാമുഖം കണ്ട നിമിഷത്തിൽ നിന്ന്, അവസാന 11 മിനിറ്റിൽ മൂന്ന് ഗോളുകൾ അടിച്ചുകൂട്ടി ലോകചാമ്പ്യന്മാരായ അർജന്റീന ഈജിപ്തിനെ തകർത്ത് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു (3-2) മെസ്സിപ്പടയുടെ വിജയം. നായകൻ ലയണൽ മെസ്സിയുടെ കണ്ണീരോടെ തുടങ്ങിയ മത്സരം ഒടുവിൽ മെസ്സിയുടെയും സംഘത്തിന്റെയും ആനന്ദക്കണ്ണീരിലാണ് അവസാനിച്ചത്.
മത്സരത്തിന്റെ ആദ്യ പകുതി മുതൽ സമ്പൂർണ്ണ ആധിപത്യം പുലർത്തിയത് ഫറവോകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈജിപ്തായിരുന്നു. 15-ാം മിനിറ്റിൽ യാസർ ഇബ്രാഹിമിലൂടെ അവർ അക്കൗണ്ട് തുറന്നു. കോർണറിൽ നിന്ന് മർവാൻ അതിയ നൽകിയ ക്രോസ് കിടിലനൊരു ഹെഡറിലൂടെ ഇബ്രാഹിം വലയിലാക്കി. ഗോൾ മടക്കാൻ അർജന്റീന കിണഞ്ഞു ശ്രമിക്കുന്നതിനിടെ 19-ാം മിനിറ്റിൽ ടാഗ്ലിയാഫിക്കോയെ ബോക്സിൽ വീഴ്ത്തിയതിന് അർജന്റീനയ്ക്ക് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. എന്നാൽ കിക്കെടുത്ത ലയണൽ മെസ്സിക്ക് പിഴച്ചു. ഈ ലോകകപ്പിൽ മെസ്സി നഷ്ടപ്പെടുത്തുന്ന രണ്ടാമത്തെ പെനാൽറ്റിയായിരുന്നു ഇത്. ആദ്യ പകുതിയിലുടനീളം ഈജിപ്ത് ഗോൾകീപ്പർ മുസ്തഫ ഷൊബൈയറിന്റെ അവിശ്വസനീയമായ സേവുകൾ കൂടിയായപ്പോൾ അർജന്റീന കടുത്ത പ്രതിരോധത്തിലായി.