കാട്ടാക്കട: വെള്ളനാട് കുളക്കോട് പെന്തക്കോസ്ത് പള്ളിക്ക് സമീപത്തെ ജനവാസ മേഖലയിലെ പുരയിടത്തിൽ രണ്ട് കാട്ടുപോത്തുകളുടെ സാന്നിദ്ധ്യം. തിങ്കളാഴ്ച പുലർച്ചെയാണ് നാട്ടുകാർ കാട്ടുപോത്തുകളെ കണ്ടത്. വിവരം ലഭിച്ചതിനെ തുടർന്ന് വനവകുപ്പും പൊലീസും സ്ഥലത്തെത്തി വ്യാപക പരിശോധനയും നിരീക്ഷണവും ആരംഭിച്ചു.
പാലോട് വനമേഖലയിൽ നിന്നിറങ്ങിയ കാട്ടുപോത്തുകളാണ് നെടുമങ്ങാട് തേക്കട, കരിപ്പൂർ, പുതുക്കുളങ്ങര, കൊക്കോതമംഗലം എന്നിവിടങ്ങൾ പിന്നിട്ട് കുളക്കോട്ടിലെത്തിയതെന്നാണ് വനവകുപ്പിന്റെ പ്രാഥമിക നിഗമനം. രാവിലെ മുതൽ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തുകയാണ്. ജില്ലാ വനപാലകൻ ഷാനവാസിന്റെ നേതൃത്വത്തിലാണ് തെരച്ചിൽ.
അസിസ്റ്റന്റ് വനമൃഗ ചികിത്സാ ഡോക്ടർ ഡോ. അരുൺ കുമാറും സ്ഥലത്തെത്തി.
ആര്യനാട്, ഇഞ്ചാപ്പുരി, കുറ്റിച്ചൽ, കോട്ടൂർ, നെയ്യാർ ഡാം, മരക്കുന്നം തുടങ്ങിയ മേഖലകളിൽ അടുത്തകാലത്തായി കാട്ടുപോത്തുകളുടെ സാന്നിദ്ധ്യം പതിവായ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വനവകുപ്പ് നിർദേശിച്ചു.