തലസ്ഥാനത്ത് രണ്ടാം മെഡിക്കൽ കോളേജ്; പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം: ജില്ലയിൽ രണ്ടാം മെഡിക്കൽ കോളേജിന് എത്രയും വേഗം അനുമതി ലഭ്യമാക്കണമെന്നും ഈ അദ്ധ്യയനവർഷം പ്രവേശനം നടത്താനുള്ള ഇടപെടൽ വേണമെന്നും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് മന്ത്രി കെ.മുരളീധരൻ. കേരളത്തിന്റെ ആവശ്യം ഗൗരവത്തോടെ കാണുന്നുവെന്നും പരിഗണിക്കാമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദ ഉറപ്പുനൽകി.
എൻ.എച്ച്.എം പദ്ധതികളുടെ അവലോകനത്തിനായി ചേർന്ന ഓൺലൈൻ യോഗത്തിലാണ് കേന്ദ്രമന്ത്രിയുടെ ഉറപ്പ്. തിരുവനന്തപുരം ജനറൽ ആശുപത്രിയെ 100 എം.ബി.ബി.എസ് സീറ്റുകളുള്ള മെഡിക്കൽ കോളേജായി ഉയർത്താനുള്ള അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരും സജ്ജമാണെന്ന് കെ.മുരളീധരൻ പറഞ്ഞു. പുതിയ മെഡിക്കൽ കോളേജിനുള്ള 150 കോടി കേന്ദ്രസഹായം ഉടൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്ത് 10,000 മെഡിക്കൽ സീറ്റുകൾ സജ്ജമാക്കാൻ 15,000 കോടിരൂപ കേന്ദ്രസർക്കാർ വകയിരുത്തിയിട്ടുണ്ട്,​ കേരളത്തിന്റെ ആവശ്യം ഇതിൽ ഉൾപ്പെടുത്തി അനുമതി ലഭ്യമാക്കുമെന്നും കേരളത്തിൽ സമയബന്ധിതമായി എയിംസ് അനുവദിക്കുമെന്നും ജെ.പി.നദ്ദ വ്യക്തമാക്കി. കേരളത്തിന്റെ ക്ഷയരോഗ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ ഉൾപ്പെടെ മികച്ച രീതിയിൽ മുന്നോട്ടുപോകുന്നത് അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ വിവിധ ആശുപത്രികളിലെ പദ്ധതികൾക്കായി കേന്ദ്രസഹായവും മന്ത്രി കെ.മുരളീധരൻ അഭ്യർത്ഥിച്ചു. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമ്മിള മേരി ജോസഫ്,എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ.അനു.എസ്.നായർ,കെ.എം.എസ്.സി.എൽ എം.ഡി ഡോ.രേണുരാജ്,മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.കെ.വി.വിശ്വനാഥൻ,ആരോഗ്യവകുപ്പ് അഡിഷണൽ ഡയറക്ടർ(ടി.ബി) ഡോ.സക്കീന,എൻ.എച്ച്.എം സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *