കോളേജ് ജംഗ്ഷൻ വെയിറ്റിംഗ് ഷെഡിൽ യാചകരെ കൊണ്ട് പൊറുതിമുട്ടി

കൊല്ലം: എസ്.എൻ കോളേജ് ജംഗ്ഷനിലെ വെയിറ്റിംഗ് ഷെഡ് യാചകർ കൈയടക്കുന്നു, സ്ത്രീകൾക്കും കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിലേക്ക് മാറിയിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ല. തിരുവനന്തപുരം ഭാഗത്തുനിന്നുള്ള ബസുകൾ നിറുത്തുന്നിടത്തെ വെയിറ്റിംഗ് ഷെഡിലാണ് രാത്രി മയക്കത്തിനെത്തുന്ന യാചക സംഘം രാവിലെയും മടങ്ങാത്തത്.

മതിയായ വസ്ത്രം ഇല്ലാതെയാണ് പലരും വെയിറ്റിംഗ് ഷെഡിൽ കിടക്കുന്നത്. യാത്രക്കാർ നോക്കിനിൽക്കെ റോഡരികിൽ മൂത്രം ഒഴിക്കുന്നതും പതിവാണ്. ഇതോടെ കോളേജ് ജംഗ്ഷനിൽ ബസിറങ്ങാനും സ്റ്റോപ്പിൽ നിൽക്കാനും പെൺകുട്ടികൾ മടിക്കുകയാണ്.

സന്ധ്യയോടെയാണ് യാചകർ വെയിറ്റിംഗ് ഷെഡിൽ തമ്പടിക്കുന്നത്. ഇരിപ്പിടങ്ങളിലും തറയിലുമായിട്ടാണ് ഉറക്കം. രാവിലെ എട്ടരവരെ ഇവർ ഇവിടെ കിടപ്പുണ്ടാകും. ആറര മുതൽ വിദ്യാർത്ഥികളടക്കം ബസ് കയറാനും മറ്റും ഇവിടേക്ക് എത്തും. മഴയാണെങ്കിൽ പോലും വെയിറ്റിംഗ് ഷെഡിലേക്ക് കടക്കാനാവില്ല. വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിലെ വെയിറ്റിംഗ് ഷെഡിലും സമാന അവസ്ഥയാണ്.

മദ്യപാനവും വഴക്കും പതിവ്

രാത്രികാലങ്ങളിൽ വെയിറ്റിംഗ് ഷെഡിൽ തമ്പടിക്കുന്നവർ ഇവിടെയിരുന്നാണ് മദ്യപിക്കുന്നത്. അതിന് ശേഷം വഴക്കിടുന്നതും പതിവാണ്. ആദ്യമൊക്കെ സമീപത്തെ വ്യാപാരികളും മറ്റും പ്രതികരിച്ചിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല. അസഭ്യവർഷം തുടരുന്നതിനാൽ അവരെല്ലാം പിന്മാറി. പൊലീസ് സദാ സമയവും ഇതുവഴി കടന്നുപോകാറുണ്ടെങ്കിലും ഇതൊന്നും ശ്രദ്ധിക്കാറില്ല.

Leave a Reply

Your email address will not be published. Required fields are marked *