കൊല്ലം: മുഖത്തല തീയേറ്റർ ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതോടെ കാൽനട യാത്രക്കാരും വാഹന യാത്രക്കാരും ഒരുപോലെ ദുരിതത്തിൽ. ജംഗ്ഷൻ കേന്ദ്രീകരിച്ച് കൂട്ടമായി എത്തുന്ന നായ്ക്കൾ യാത്രക്കാരെ പിന്തുടർന്ന് ആക്രമിക്കുന്നതും വാഹനങ്ങൾക്ക് കുറുകെ ചാടി അപകടങ്ങൾ സൃഷ്ടിക്കുന്നതും നിത്യസംഭവമായി.
പ്രധാന റോഡിനോട് ചേർന്ന് തീയേറ്റർ ജംഗ്ഷനിൽ കുട്ടികളും സ്ത്രീകളും അടക്കം നൂറുകണക്കിന് ആളുകളാണ് ദിവസവും വന്നുപോകുന്നത്. വൈകുന്നേരങ്ങളിലും രാത്രി സമയങ്ങളിലും ഇരുചക്ര വാഹനയാത്രക്കാർക്ക് വലിയ ഭീഷണിയാണ് തെരുവുനായ്ക്കൾ ഉയർത്തുന്നത്.
അമിതവേഗതയിൽ വരുന്ന വാഹനങ്ങൾക്ക് മുന്നിലേക്ക് പെട്ടെന്ന് നായ്ക്കൾ ചാടി വീഴുന്നത് മൂലം നിരവധി ചെറിയ അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. കൂടാതെ, ജംഗ്ഷനിലെ കടകൾക്ക് മുന്നിലും മാലിന്യങ്ങൾ തള്ളുന്ന സ്ഥലങ്ങളിലും നായ്ക്കളുടെ സാന്നിദ്ധ്യം കൂടുതലായതിനാൽ തെരുവ് നായ്ക്കളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. കാൽനട യാത്രക്കാർക്ക് ഭയമില്ലാതെ നടക്കാൻ കഴിയാത്ത അവസ്ഥയാണ്. സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവർക്ക് ഈ വഴി സഞ്ചരിക്കാൻ ഭയമാണെന്ന് നാട്ടുകാർ പറയുന്നു.
പ്രശ്നത്തിൽ അടിയന്തരമായി ഇടപെട്ട് തെരുവുനായ്ക്കളെ വന്ധ്യംകരണത്തിന് വിധേയമാക്കാനും, പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാനും ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു.
വൈകുന്നേരം ജോലി കഴിഞ്ഞ് വരുമ്പോൾ പേടിച്ചാണ് നടക്കുന്നത്. ചെറിയ കുട്ടികളുമായി റോഡിലൂടെ നടക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. അധികൃതർ അടിയന്തരമായി വിഷയത്തിൽ ഇടപെടണം.