ഓസ്ട്രേലിയ – പാരഗ്വായ് അങ്കം ആദ്യപകുതിയില്‍ ഗോള്‍രഹിതം, യു.എസ്.എ.യെ ഞെട്ടിച്ച് തുര്‍ക്കി

വാഷിങ്ടണ്‍: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഡി-യിലെ നിര്‍ണായകമായ ഓസ്ട്രേലിയ – പാരഗ്വായ് മത്സരം ആദ്യപകുതി പിന്നിടുമ്പോള്‍ ഗോള്‍രഹിത സമനിലയില്‍. റൗണ്ട് 32 ഉറപ്പാക്കാന്‍ പാരഗ്വായ്ക്ക് ജയം അനിവാര്യവും ഓസ്ട്രേലിയയ്ക്ക് തോല്‍വി ഒഴിവാക്കല്‍ നിര്‍ബന്ധവുമായ മത്സരത്തില്‍ ഇരുടീമും ഭേദപ്പെട്ട മുന്നേറ്റം നടത്തിയെങ്കിലും ഗോളിന് വഴിയൊരുങ്ങിയില്ല. ഓരോ ജയവും സമനിലയുമായി ഇരുടീമിനും മൂന്ന് പോയിന്റാണ്. എന്നാല്‍ മെച്ചപ്പെട്ട ഗോള്‍ വ്യത്യാസം കാരണം ഓസ്ട്രേലിയയാണ് മുന്നില്‍. അതിനാല്‍ത്തന്നെ അടുത്ത റൗണ്ടിലെത്താന്‍ സോക്കറൂസിന് സമനില മതി.
മറുവശത്ത് യു.എസ്.എ. – തുര്‍ക്കി മത്സരം ആദ്യ പകുതി പിന്നിടുമ്പോള്‍ തുര്‍ക്കി ഒന്നിനെതിരേ രണ്ട് ഗോളിന് ലീഡ് ചെയ്യുന്നു. യു.എസ്.എ.യ്ക്കായി മൂന്നാംമിനിറ്റില്‍ ഓസ്റ്റണ്‍ ട്രസ്റ്റിയും ഏഴുമിനിറ്റിനുശേഷം തുര്‍ക്കിക്കായി അര്‍ദ ഗുലറും ആണ് സ്‌കോര്‍ ചെയ്തത്. ഈ ലോകകപ്പില്‍ മൂന്ന് കളികളില്‍നിന്നായി തുര്‍ക്കി നേടുന്ന ആദ്യ ഗോളാണിത്. പിന്നീട് കോക്ചു 31-ാം മിനിറ്റില്‍ തുര്‍ക്കിയെ മുന്നിലെത്തിച്ചു. ആദ്യമത്സരത്തില്‍ ഓസ്ട്രേലിയയോടും രണ്ടാമത് പാരഗ്വായോടും പരാജയപ്പെട്ട തുര്‍ക്കി ഇതിനകം ടൂര്‍ണമെന്റില്‍നിന്ന് പുറത്തായി. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച യു.എസ്.എ. ഗ്രൂപ്പില്‍ ഒന്നാംസ്ഥാനക്കാരായി അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കുകയും ചെയ്തു.
ഗ്രൂപ്പില്‍നിന്ന് അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ ഓസ്ട്രേലിയയ്ക്ക് തോല്‍വി ഒഴിവാക്കിയാല്‍ മതി എന്നതിനാല്‍ അവര്‍ വലിയ പ്രതിരോധ കോട്ടയൊരുക്കാതെ തന്നെ മികച്ച രീതിയിലാണ് പൊരുതുന്നത്. എതിര്‍ ഗോള്‍മുഖം വിറപ്പിക്കുന്നതിലും അവര്‍ വിജയിച്ചു. മറുഭാഗത്ത് ടൂര്‍ണമെന്റില്‍ മുന്നോട്ടുള്ള പ്രയാണം ഉറപ്പിക്കാന്‍ ജയം അനിവാര്യമായ പരഗ്വായ്, തുടക്കത്തില്‍ പ്രതിരോധത്തില്‍ ഊന്നി കളിച്ചെങ്കിലും മത്സരത്തിലേക്ക് പതുക്കെ തിരികെ വന്നു. സമനിലയില്‍ പിരിഞ്ഞാല്‍ ഗ്രൂപ്പുകളിലെ മികച്ച എട്ട് സ്ഥാനക്കാരുടെ ലിസ്റ്റിലേക്ക് കണ്ണുനടണം പാരഗ്വായ്ക്ക്.
തുടക്കം മുതല്‍ക്കേ ഓസ്ട്രേലിയന്‍ നിരയിലെ വോള്‍പാറ്റോയും ബോസും ചേര്‍ന്ന് വലതു വിങ്ങിലൂടെ മികച്ച നീക്കങ്ങള്‍ നടത്തി പാരഗ്വായ് പ്രതിരോധത്തെ പരീക്ഷിച്ചു. 36-ാം മിനിറ്റിലും ആദ്യ പകുതിയുടെ അധിക സമയത്തും ബോസും വോള്‍പാറ്റോയും നടത്തിയ മുന്നേറ്റങ്ങള്‍ പാരഗ്വായ് ഗോള്‍കീപ്പര്‍ ഗില്ലിന്റെ കൈകളില്‍ ഒതുങ്ങുകയായിരുന്നു. ഇതിനിടയില്‍ പരിക്കേറ്റ ഓസ്ട്രേലിയന്‍ താരം മെറ്റ്കാഫ് തലയില്‍ ബാന്‍ഡേജുമായി കളി തുടര്‍ന്നു. മറുഭാഗത്ത് പാരഗ്വായ് താരം എന്‍സിസോയെ മികച്ച രീതിയില്‍ പൂട്ടാന്‍ ഓസ്ട്രേലിയന്‍ പ്രതിരോധ നിരയ്ക്ക് സാധിച്ചതോടെ അവരുടെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കുറഞ്ഞു.
മറുപുറത്ത്, ഏതാണ്ട് അപ്രധാനമായ മത്സരമാണെങ്കിലും ഗ്രൂപ്പില്‍ രണ്ട് വന്‍ ജയങ്ങളുമായെത്തിയ യു.എസ്.എ.യെ ആദ്യപകുതിയില്‍ പിന്നാക്കം നിര്‍ത്തിയിരിക്കുകയാണ് തുര്‍ക്കി. മത്സരത്തിന്റെ മൂന്നാംമിനിറ്റില്‍തന്നെ ട്രസ്റ്റിയിലൂടെ യു.എസ്.എ. ലീഡ് എടുത്തെങ്കിലും പത്താം മിനിറ്റില്‍ ഗുലറിലൂടെ തുര്‍ക്കി സമനില പിടിച്ചു. തുര്‍ക്കിയുടെ ഈ ലോകകപ്പിലെ ആദ്യ ഗോളാണിത്. പിന്നീട് 31-ാം മിനിറ്റില്‍ കോക്ചു നേടിയ ഗോളിലൂടെ തുര്‍ക്കി ലീഡെടുക്കുകയായിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *