കോട്ടയം: എങ്ങനെയോ ഇവിടം കടന്നുകിട്ടി!. മണിപ്പുഴ-ഈരയിൽക്കടവ് ബൈപ്പാസ് റോഡിലൂടെ കടന്നുപോയവർ ഇത്രകണ്ട് ദുരിതം പ്രതീക്ഷിച്ചില്ല. ഒരു മഴ ചെയ്തു. പിന്നാലെ റോഡ് വെള്ളക്കെട്ടിൽ മുങ്ങിയെന്ന് പറയാം. വെള്ളക്കെട്ട് വാഹനയാത്രക്കാരെയും കാൽനടയാത്രക്കാരെയും ഒരുപോലെ വലച്ചു.. മണിപ്പുഴയിൽ നിന്ന് ബൈപ്പാസിലേക്ക് പ്രവേശിക്കുന്ന ഭാഗത്തും ഈരയിൽക്കടവ് പാലത്തിന് സമീപവും വലിയ തോതിലാണ് വെള്ളം കെട്ടിനിൽക്കുന്നത്.
ബൈപ്പാസ് പ്രവേശന റോഡിന് ഇരുവശത്തുമായി ചായക്കടകൾ, ചെടി വില്പനശാല, വാഷിംഗ് സെന്റർ ഉൾപ്പെടെ നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിലേക്ക് എത്തുന്നവർക്ക് വെള്ളക്കെട്ട് മറികടക്കാതെ വഴിയില്ല.
ഞങ്ങൾ എങ്ങനെ കടന്നുപോകും
ഇന്നലെ റോഡിലിറങ്ങിയവർ കാലുകുത്താൻ അറച്ചുപോകുന്ന അവസ്ഥയായിരുന്നു. വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടക്കാരുടെ ദേഹത്തേക്ക് ചെളിവെള്ളം തെറിച്ചു. ചിലർ ചെളിവെള്ളത്തിൽ കുളിച്ച അവസ്ഥയായി. പ്രഭാതസായാഹ്ന സവാരിക്കായി ഇറങ്ങിയ പലരും വെള്ളക്കെട്ട് മൂലം ഇന്നലത്തെ നടത്തം വേണ്ടെന്ന് വെച്ചു. റോഡരികിൽ ഓടകളില്ലാത്തതും സമീപത്തെ തോടും പാടശേഖരങ്ങളും നിറഞ്ഞൊഴുകുന്നതുമാണ് വെള്ളക്കെട്ടിന് പ്രധാന കാരണം. മഴ കൂടുതൽ കനത്താൽ റോഡിലൂടെയുള്ള യാത്ര തടസപ്പെടും.
ദിവസേന ബൈപ്പാസിലൂടെ കടന്നുപോകുന്നത് നൂറുകണക്കിന് വാഹനങ്ങൾ
കാട് വളർന്ന് പൊന്തിയോടെ നടപ്പാത ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യം
മഴക്കാലത്ത് പെരുമ്പാമ്പ് ഉൾപ്പെടെയുള്ള ഇഴജന്തുക്കൾ റോഡിലേക്കെത്തും
ഓട നിർമ്മിക്കണമെന്നും കാട് വെട്ടിത്തെളിക്കണമെന്നും നാട്ടുകാരും വ്യാപാരികളും