വയനാട് കള്ളാടി മണ്ണിടിച്ചിൽ; ഒരു മൃതദേഹംകൂടി കണ്ടെടുത്തു, ഒരാൾക്കായി തെരച്ചിൽ പുരോഗമിക്കുന്നു

കൽപ്പറ്റ: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇന്ന് രാവിലെ നടത്തിയ തെരച്ചിലിൽ പുഴയിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. ഇതോടെ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം ഏഴായി. ഇനി ഒരാളെക്കൂടി കണ്ടെത്താനുണ്ട്. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരമാണ്.

ഇന്നുകണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. രണ്ടുപേരുടെ മൃതദേഹം കണ്ടെത്താനുണ്ടായിരുന്നു. കൺസ്‌ട്രക്ഷൻ മാനേജർ വിക്രം റാണ, സർവേയർ രാകേഷ് ഗുചൈത് എന്നിവരെയാണ് കണ്ടെത്താനുണ്ടായിരുന്നത്. ഇന്ന് ലഭിച്ച മൃതദേഹം ഇതിൽ ഒരാളുടെ മൃതദേഹമാണ് നിഗമനം. മൃതദേഹം തിരിച്ചറിഞ്ഞതിനുശേഷം ബന്ധുക്കൾക്ക് കൈമാറും.

ഇന്നലെ പ്രതികൂല കാലാവസ്ഥയായിരുന്നതിനാൽ വ്യാപകമായി തെരച്ചിൽ നടത്താൻ സാധിച്ചിരുന്നില്ല. ഇടയ്ക്കിടെ മഴ ശക്തമായി പെയ്തിരുന്നതിനാൽ പുഴയിലടക്കം തെരച്ചിൽ ദുഷ്‌കരമായിരുന്നു. ഫയർഫോഴ്‌സ് സംഘം പുഴയിൽ തെരച്ചിൽ നടത്താനിറങ്ങിയെങ്കിലും തിരികെ കയറേണ്ടതായി വന്നു. മന്ത്രിമാരായ എ പി അനിൽകുമാറും ടി സിദ്ദിഖും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

എൻഡിആർഎഫ്,​ ആർആർഎഫ്,​ ഫയർഫോഴ്സ്,​ ലോക്കൽ പൊലീസ് എന്നിവരടങ്ങുന്ന അഞ്ഞൂറിലധികം വരുന്ന വിപുലമായ സംഘമാണ് തെരച്ചിലിന് നേതൃത്വം നൽകുന്നത്. കഡാവർ നായ്‌ക്കളെയും തെരച്ചിലിനായി നിയോഗിച്ചിട്ടുണ്ട്. ഡൽഹിയിൽ നിന്ന് കൊങ്കൺ അധികൃതരും ഇന്ന് സ്ഥലത്തെത്തും.

Leave a Reply

Your email address will not be published. Required fields are marked *