തിരുവല്ലത്തെ വാഹനാപകടത്തിൽ വഴിത്തിരിവ്; ബൈക്ക് നിയന്ത്രണം വിട്ടതല്ല, പിന്നിലിടിച്ച കാർ കണ്ടെത്താൻ ശ്രമം

തിരുവനന്തപുരം: തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്. ബൈക്ക് നിയന്ത്രണംവിട്ടതാണ് അപകടത്തിലേക്ക് നയിച്ചതെന്നായിരുന്നു പ്രാഥമിക വിവരം. എന്നാൽ, ജീവനക്കാർ സഞ്ചരിച്ച ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി. ഈ കാർ പിന്നീട് നിർത്താതെ കടന്നുകളയുകയായിരുന്നു. പൊലീസിന് തോന്നിയ സംശയത്തിൽ സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചതാണ് വഴിത്തിരിവായത്. മലയിൻകീഴ് സ്വദേശിയായ വിപിനാണ് കാർ ഓടിച്ചിരുന്നത്. പൊലീസ് ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.

എറണാകുളം സ്വദേശി നവീൻ സിബി (25), തൊടുപുഴ സ്വദേശി മൃദുല ആൻ ഉമ്മൻ (25) എന്നിവരാണ് അപകടത്തിൽ മരിച്ചത്. നവീൻ സിബി യു.എസ്.ടി ഗ്ലോബൽ കമ്പനിയിൽ ടെസ്റ്റിംഗ് വിഭാഗം ജീവനക്കാരനും മൃദുല കിൻഫ്രയിലെ ഇ.വൈ കമ്പനി അസോസിയേറ്റ് എൻജിനിയറുമായിരുന്നു. ബൈപ്പാസിൽ തിരുവല്ലം ടോൾ പ്ലാസയ്ക്കു സമീപം ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് അപകടം. നഗരത്തിൽനിന്ന് കോവളം ഭാഗത്തേക്ക് വരികയായിരുന്നു ഇരുവരും. മൃദുല സംഭവസ്ഥലത്തുതന്നെ മരിച്ചു. നവീൻ ആശുപത്രിയിലെത്തിയ ശേഷമാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *