നാല് ദിവസത്തെ തിരച്ചിലിന് വിരാമം; ചാലിയാറിൽ കാണാതായ യാഷിക്കിന്റെ മൃതദേഹം കണ്ടെത്തി

മമ്പാട് ബീമ്പുങ്ങൽ സ്വദേശി പനയംതെടിക യാഷിക് (33) ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ സംഭവത്തിൽ, നാലു ദിവസത്തെ വ്യാപക തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി. ഇന്ന് എടവണ്ണ ഭാഗത്തുനിന്നാണ് അഗ്നിരക്ഷാ സേനയും സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനിടെ മൃതദേഹം കണ്ടെത്തിയത്.

ഗായകൻ കൂടിയായ യാഷിക്കിന്റെ വിയോഗവാർത്ത നാടിനെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച മമ്പാട് ഓടായിക്കൽ റെഗുലേറ്റർ കം ബ്രിഡ്ജിന് താഴെ ചാലിയാർ പുഴയിൽ വെച്ചാണ് അപകടമുണ്ടായത്.

കനത്ത മഴയെ തുടർന്ന് പുഴയിലൂടെ ഒഴുകിയെത്തിയ കൂറ്റൻ മരം പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് യാഷിക്കും സുഹൃത്തുക്കളും അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ അനീസും സാജിദും നീന്തി രക്ഷപ്പെട്ടെങ്കിലും, ഒഴുകിവന്ന മരത്തിൽ പിടിച്ചുനിൽക്കാൻ ശ്രമിച്ച യാഷിക് ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു.

നിലമ്പൂർ, തിരുവാലി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേന, ഇ.ആർ.എഫ് രക്ഷാപ്രവർത്തകർ, പൊലീസ്, ട്രോമാകെയർ വളണ്ടിയർമാർ, ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവർ ചേർന്ന് ഓടായിക്കൽ കടവ് മുതൽ കവണക്കല്ല് റെഗുലേറ്റർ വരെയുള്ള ഭാഗങ്ങളിൽ ദിവസങ്ങളായി വിപുലമായ തിരച്ചിൽ നടത്തിയിരുന്നു.

ഇന്നലെ മൃതദേഹത്തിന് സമാനമായ രൂപം കീഴുപറമ്പ് ഭാഗത്ത് ഒഴുകിപ്പോകുന്നതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ആ മേഖലകളിലും പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഇന്ന് എടവണ്ണ ഭാഗത്ത് മൃതദേഹം കണ്ടെത്തിയത്.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.

Leave a Reply

Your email address will not be published. Required fields are marked *