അക്രമികള്‍ക്ക് ഇനിയും വേദി നല്‍കണോ? വേടനുമായുള്ള കൂടിക്കാഴ്ചയില്‍ തമിഴ്‌നാട് സര്‍ക്കാരിനെതിരെ ചിന്മയി

തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി രാജ്‌മോഹന്‍ അറുമുഖം മലയാളി റാപ്പര്‍ വേടനുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി ഗായിക ചിന്മയി ശ്രീപാദ. തന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് ചിന്മയി വിമര്‍ശനമുയര്‍ത്തിയത്. ഗുരുതരമായ ലൈംഗികാതിക്രമ / പീഡന ആരോപണങ്ങള്‍ നേരിടുന്ന പുരുഷന്മാര്‍ക്ക് മുന്‍ ഭരണകൂടങ്ങള്‍ വേദി നല്‍കിയതുപോലെ രാജ്‌മോഹനും വിജയ്യും ചെയ്യില്ലെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് ശ്രീപാദ എക്‌സില്‍ കുറിച്ചു.
മുന്‍പൊരിക്കല്‍ താന്‍ വേടനോടൊപ്പം പ്രവര്‍ത്തിക്കേണ്ടതായിരുന്നുവെന്നും എന്നാല്‍ വേടന്‍ ഉള്‍പ്പെട്ട പ്രൊജക്ടുകള്‍ താന്‍ നിരസിച്ചുവെന്നും ചിന്മയി പറഞ്ഞു. ‘കോവിഡ് കാലത്ത്, ഗോവിന്ദ് വസന്ത, മുഹ്‌സിന്‍ പരാരി, വേടന്‍, ഞാന്‍ എന്നിവര്‍ ചേര്‍ന്ന് ഒരു ഗാനം പ്രഖ്യാപിച്ചിരുന്നു. മലയാളം അടിസ്ഥാനമാക്കിയുള്ള ഒരു ക്ലബ്ഹൗസ് പരിപാടിയില്‍ പങ്കെടുത്തപ്പോള്‍, വേടനോടൊപ്പം എനിക്ക് എങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഒരു സ്ത്രീ എന്നോട് ചോദിച്ചു.’
അന്ന് അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്ന് ചിന്മയി വിശദീകരിച്ചു. ‘ആ സമയത്ത് വാര്‍ത്തകള്‍ കൂടുതലും മലയാളത്തിലായിരുന്നതിനാല്‍ എനിക്ക് ഇതിനെക്കുറിച്ച് അറിവില്ലായിരുന്നു. പിന്നീട് അദ്ദേഹം തനിക്ക് തെറ്റുപറ്റിയെന്ന് പറഞ്ഞ് മാപ്പുചോദിച്ച് ഒരു പ്രസ്താവനയിറക്കി,’ ആ പ്രൊജക്ട് ഉപേക്ഷിച്ചു. അവര്‍ പറഞ്ഞു.
‘അതിനുശേഷം വേടനെതിരെ മറ്റു പലരും രംഗത്തുവന്നു. എന്റെ സ്വന്തം ജോലിക്കും അവസരങ്ങള്‍ക്കും വലിയ നഷ്ടമുണ്ടാക്കിയിട്ടും അദ്ദേഹം ഭാഗമായ സംഗീതപരിപാടികള്‍ ഞാന്‍ നിരന്തരം നിരസിച്ചു. സാമൂഹിക പ്രവര്‍ത്തനത്തെ ഒരു മറയാക്കി സ്ത്രീകളുടെ സമ്മതമില്ലാതെ അവരെ ചൂഷണം ചെയ്യുന്നത് അംഗീകരിക്കാനാവില്ല.’ ചിന്മയി പറയുന്നു.
അദ്ദേഹത്തിനെതിരെ രംഗത്തുവരുന്ന സ്ത്രീകള്‍ക്ക് ഒരു പിന്തുണയും ലഭിക്കാത്തപ്പോള്‍ പുരുഷന്മാര്‍ക്ക് വേദി ലഭിക്കുകയാണെന്ന് ചിന്മയി ആരോപിക്കുന്നു. ‘പ്രശ്‌നം അതുതന്നെയാണ്: സമാനമായ സാമൂഹിക ചുറ്റുപാടുകളിലെ സ്ത്രീകള്‍ വേടനെപ്പോലുള്ള പുരുഷന്മാര്‍ക്കെതിരെ സംസാരിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ അവര്‍ക്ക് ഒരു പിന്തുണയും ലഭിക്കുന്നില്ല, മാത്രമല്ല അവര്‍ തികച്ചും ഒറ്റപ്പെടുന്നു. കാരണം പുരുഷന്‍ ഒരു ‘നായകനും’ ‘നേതാവുമാണ്’, കൂടാതെ ‘വലിയൊരു നന്മയ്ക്കായി’ സ്ത്രീകള്‍ അവന്റെ അതിക്രമങ്ങള്‍ സഹിക്കേണ്ടിവരുന്നു. ശബ്ദമില്ലാത്തവരുടെ ശബ്ദമായി തങ്ങളെത്തന്നെ വിശേഷിപ്പിക്കുന്ന ഈ പുരുഷന്മാരില്‍ ചിലര്‍, തങ്ങള്‍ എന്തിനെതിരെയാണോ പോരാടുന്നത് എന്ന് അവകാശപ്പെടുന്നത് അതില്‍ അക്രമികളായിത്തന്നെ തുടരുന്നു.’ ഇതൊക്കെ മതിയായി എന്ന് പറഞ്ഞുകൊണ്ടാണ് ചിന്മയി പോസ്റ്റ് അവസാനിപ്പിച്ചത്.
പിന്നീട് ‘ഒരു പീഡകന് വേദി നല്‍കരുതെന്ന് അവരോട് ആവശ്യപ്പെടുന്നത് ഞാന്‍ അടിസ്ഥാനപരമായി ഉപേക്ഷിച്ചുവെന്ന്’ തമിഴ്നാട് മുന്‍ ഉപമുഖ്യമന്ത്രിയും നടനും നിര്‍മാതാവുമായ ഉദയനിധി സ്റ്റാലിനെ വേടന്‍ കണ്ടതിന്റെ വീഡിയോ റീപോസ്റ്റ് ചെയ്തുകൊണ്ട് ചിന്മയി പറഞ്ഞു.ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ ആരോപണങ്ങളും പുലിപ്പല്ല് കൈവശം വെച്ചതുമായി ബന്ധപ്പെട്ട കേസും ഉള്‍പ്പെടെ വിവിധ കേസുകള്‍ വേടനെതിരെ നിലവിലുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *