പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെ കോടതിയെ വെല്ലുവിളിച്ച് പ്രതി ചെന്താമര. കോടതിയെ പോലും ഭീഷണിപ്പെടുത്തുന്ന രീതിയിലായിരുന്നു ചെന്താമരയുടെ വെല്ലുവിളി. ‘ഒരു ചെകിടത്തടിച്ചാൽ മറ്റേ ചെകിടും കാണിച്ചുകൊടുക്കാൻ ഞാൻ ഗാന്ധിജിയല്ല, വേണ്ടിവന്നാൽ മറ്റുള്ളവരെയും കൊല്ലും. എന്നെ തൂക്കിക്കൊന്നോളൂ’ – എന്നാണ് കോടതിയിൽ ചെന്താമര പറഞ്ഞത്. എഴുതാൻ പറ്റുന്നത് എഴുതിക്കോ, എന്റെ അവസ്ഥ നിങ്ങൾക്കുമുണ്ടാകും. അപ്പോൾ മനസിലാകുമെന്ന് ജഡ്‌ജിയോടും ഇയാൾ പറഞ്ഞു.
കേസിലെ വിസ്‌താരത്തിനിടെ സാക്ഷികളെ ചെന്താമര ഭീഷണിപ്പെടുത്തിയിരുന്നു. തെളിവെടുപ്പ് സമയത്തും ഇതേ രീതിയിൽ തന്നെയായിരുന്നു പെരുമാറ്റം. ശിക്ഷാവിധിക്ക് മണിക്കൂറുകൾ മാത്രം ശേഷിക്കെ യാതൊരു കൂസലുമില്ലാതെയാണ് പ്രതി പെരുമാറിയത്. അപൂർവങ്ങളിൽ അപൂർവങ്ങളായ കേസെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. വധശിക്ഷ അല്ലെങ്കിൽ ജീവപര്യന്തം തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചെന്താമരയ്‌ക്കെതിതെ തെളിഞ്ഞിരിക്കുന്നത്. ചെന്താമരയ്‌ക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് പ്രതിഭാഗം വാദിച്ചിരുന്നു. എന്നാൽ, ഇയാൾക്ക് യാതൊരു മാനസിക പ്രശ്‌നവുമില്ലെന്ന് ജില്ലാ സൈക്കോളജിസ്റ്റിന്റെ റിപ്പോർട്ടും കോടതി എടുത്തുപറഞ്ഞു.
ബിഎൻഎസ് 103(I), 126 (II) വകുപ്പുകൾ പ്രകാരമാണ് ചെന്താമര കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. ശിക്ഷാവിധി ബുധനാഴ്‌ചയുണ്ടാകും. പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്‌മിയെയും കൊന്ന കേസിലെ ഏകപ്രതിയാണ് ചെന്താമര. പ്രതിക്ക് വധശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രോസിക്യൂഷനും, സുധാകരന്റെ മക്കളും. സുധാകരന്റെ മക്കളായ അഖിലയും അതുല്യയും മറ്റ് ബന്ധുക്കളും കോടതിയിലെത്തിയിട്ടുണ്ട്.