വാഷിങ്ടൺ: ചെറുപ്പത്തിൽ എല്ലാ കുഞ്ഞുങ്ങളുടെയും സ്വപ്നം വലുതാകുമ്പോൾ ഒരു വിമാനം പറത്തണം എന്നതായിരിക്കും. എന്നാൽ, സ്വന്തമായി ഒരു വിമാനം നിർമിക്കുക എന്നതായിരുന്നു ചെറുപ്പത്തിൽ സബ്രിന ഗോൺസാലസ് പാസ്‌റ്റെർസ്‌കി എന്ന പെൺകുട്ടിയുടെ സ്വപ്നം. തന്റെ സ്വപ്നം ആ പെൺകുട്ടി 14ാം വയസ്സിൽ തന്നെ പൂർത്തീകരിക്കുകയും ചെയ്തു. 14-ാം വയസ്സിൽ സ്വന്തമായി ഒരു സിംഗിൾ എൻജിൻ വിമാനം നിർമിച്ച് 16-ാം വയസ്സിൽ അത് തനിയെ പറത്തി ചരിത്രം കുറിച്ചു.
വലുതാകുമ്പോൾ ആരാകണമെന്ന ചോദ്യം ആ പെൺകുട്ടിയെ ഒരിക്കലും വേട്ടയാടിയിരുന്നില്ല എന്നുവേണം കരുതാൻ. കാരണം ചെറുപ്പത്തിൽതന്നെ സ്റ്റെം (STEM) വിഷയങ്ങളിൽ തൽപരയായ സബ്രിന തന്റെ സ്വപ്നങ്ങളെ ഓരോന്നായി കൈയെത്തിപ്പിടിക്കാൻ തുടങ്ങിയിരുന്നു. അങ്ങനെ തന്റെ 20കളിൽ തന്നെ ലോകത്തിലെ തന്നെ പ്രമുഖ ഭൗതിക ശാസ്ത്രജ്ഞയായി അവർ പേരെടുത്തു.
അമേരിക്കൻ ശാസ്ത്രജ്ഞനായ ക്ബ്രിന ഗോൺസാലസ് പാസ്‌റ്റെർസ്‌കി എന്ന പേര് ലോകപ്രശസ്ത ഭൗതികശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ് തന്റെ ഗവേഷണ പ്രബന്ധത്തിൽ പരാമർശിക്കുകയും ചെയ്തു. നാസയുടെയും ജെഫ് ബെസോസിന്റെ ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിന്റെയും ആകർഷകമായ അവസരങ്ങളും കോടികളുടെ പ്രതിഫലമുള്ള അക്കാദമിക് ജോലിയും നിരസിച്ച് അടിസ്ഥാന ശാസ്ത്ര ഗവേഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ സബ്രിന എന്ന പേര്, തന്റെ സ്വപ്നങ്ങൾക്കും ജിജ്ഞാസയുടെയും പിന്നാലെ പായുന്ന പെൺകുട്ടിയുടേത് കൂടിയായി മാറി.
1993ൽ ഷിക്കാഗോയിലാണ് സബ്രിനയുടെ ജനനം. ബാല്യകാലം മുതൽ വിമാനങ്ങളോടും ഭൗതികശാസ്ത്രത്തോടും അസാധാരണമായ താൽപര്യമുണ്ടായിരുന്നു. 12-ാം വയസ്സിൽ ഒരു സിംഗിൾ എൻജിൻ വിമാനത്തിന്റെ നിർമാണം ആരംഭിച്ച അവർ 14-ാം വയസ്സിൽ അത് ഒറ്റക്ക് നിർമിച്ച് ചരിത്രം സൃഷ്ടിച്ചു. 2010ൽ ആദ്യമായി അമേരിക്കയിലെ പ്രശസ്ത സാങ്കേതിക സർവകലാശാലയായ മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ പ്രവേശനം നേടാൻ അപേക്ഷിച്ചപ്പോൾ സബ്രിനയെ വെയ്റ്റിങ് ലിസ്റ്റിലാണ് ഉൾപ്പെടുത്തിയത്. എന്നാൽ, സ്വന്തമായി വിമാനം നിർമിച്ചെന്ന നേട്ടം പിന്നീട് അവരെ എം.ഐ.ടിയിൽ പ്രവേശനം നേടാൻ സഹായിച്ചു. മൂന്ന് വർഷങ്ങൾക്കുള്ളിൽ എം.ഐ.ടിയിൽ നിന്ന് പരമാവധി ഗ്രേഡായ 5.0 ജി.പി.എയോടെ ബിരുദം നേടി. രണ്ട് പതിറ്റാണ്ടിനുള്ളിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭൗതികശാസ്ത്ര വിഭാഗത്തിൽ ഒന്നാമതെത്തുന്ന ആദ്യ വനിതയെന്ന നേട്ടം സബ്രിന സ്വന്തമാക്കി. അഭിമാനകരമായ ഓർലോഫ് സ്കോളർഷിപ്പ് നേടിയ ആദ്യ വനിതയും അവർ ആയിരുന്നു.
സബ്രിന പിന്നീട് ഹാർവാർഡ് സർവകലാശാലയിൽ തിയററ്റിക്കൽ ഫിസിക്സിൽ ഗവേഷണം നടത്തി. പ്രശസ്ത ഭൗതികശാസ്ത്രജ്ഞനായ ആൻഡ്രൂ സ്ട്രോമിങ്ങറുടെ കീഴിലാണ് സബ്രിന പി.എച്ച്ഡി പൂർത്തിയാക്കിയത്. തുടർന്ന്, സ്ട്രോമിങ്ങർ, അലക്സാണ്ടർ ഷിബോഡോവ് എന്നിവരോടൊപ്പം പ്രവർത്തിച്ച് ഗുരുത്വതരംഗങ്ങൾ, ബ്ലാക്ക് ഹോളുകൾ, ക്വാണ്ടം ഗ്രാവിറ്റി എന്നിവയുമായി ബന്ധപ്പെട്ട അവരുടെ ‘സ്പിൻ മെമ്മറി ഇഫക്റ്റ്’ ഗവേഷണം ലോകശ്രദ്ധ നേടി. ഈ ഗവേഷണത്തെയാണ് സ്റ്റീഫൻ ഹോക്കിങ് തന്റെ ശാസ്ത്രീയ പ്രബന്ധത്തിൽ പരാമർശിച്ചത്.