ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ യുഎഇ ടാങ്കറുകൾക്കുനേരെയുണ്ടായ ഇറാന്റെ ആക്രമണത്തിൽ ഒരു ഇന്ത്യൻ ക്രൂ അംഗം കൊല്ലപ്പെട്ടു. ആറ് ഇന്ത്യക്കാരും രണ്ട് യുക്രെയ്ൻ സ്വദേശികളുമുൾപ്പെടെ എട്ടുപേർക്ക് പരിക്കേറ്റു. ഇവരിൽ നാലുപേരുടെ നില ഗുരുതരമാണ്. ടെഹ്‌റാനിൽ യുഎസ് നടത്തിയ ആക്രമണത്തെത്തുടർന്നാണ് ഇറാൻ തിരിച്ചടിച്ചത്.
മൊംബാസ, അൽ ബഹിയാഹ് എന്നീ ടാങ്കറുകൾക്കുനേരെയാണ് ആക്രമണമുണ്ടായത്. ഒമാനി ജലപാതയിലൂടെ കടന്നുപോകുന്നതിനിടെ ഇറാനിയൻ ക്രൂസ് മിസൈലുകൾ ടാങ്കറുകളിൽ പതിക്കുകയായിരുന്നു.
ഇറാന്റെ ആക്രമണം അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണെന്ന് യുഎഇ പ്രസ്‌താവനയിൽ ആരോപിച്ചു. ആക്രമണം പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വെല്ലുവിളിയാണെന്നും വിമർശിച്ചു. സംഘർഷത്തോട് പ്രതികരിക്കാനും രാജ്യത്തിന്റെ സുരക്ഷ, സ്ഥിരത, പൗരന്മാർ എന്നിവരെ സംരക്ഷിക്കാനും യുഎഇയ്ക്ക് പൂർണ അവകാശമുണ്ടെന്നും പ്രസ്‌താവനയിൽ യുഎഇ വ്യക്തമാക്കി.
രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും തകർക്കാനുള്ള ഏതൊരു ശ്രമത്തെയും നേരിടാനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നു. ഏത് ഭീഷണിയെയും നേരിടാൻ തയ്യാറാണെന്നും യുഎഇ പ്രതികരിച്ചു.
ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായാണ് യുഎസും ഇറാനും പരസ്‌പരം ഏറ്റുമുട്ടുന്നത്. ഇറാനുനേരെ പുതിയ ആക്രമണത്തിന് തുടക്കമിട്ടതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാനുനേരെ ശക്തമായ ആക്രമണം നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ആക്രമണം തുടരും. വീണ്ടും ഉപരോധം ഏർപ്പെടുത്തും. ഹോർമുസ് നിയന്ത്രിക്കുന്നത് തങ്ങളാണെന്നും ട്രംപ് അവകാശപ്പെട്ടു. ഹോർമുസിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്തുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.