കണ്ണൂർ: “വളരെ നന്നായിട്ട് പാടി, വളരെ നന്നായിരിക്കുന്നു. അവരോട് പറയൂ എന്റെ ബ്ലസ്സിങ്സ്. അവരുടെ ഫോൺനമ്പർ കിട്ടിയാൽ എന്നെ വിളിക്കാമോ?” 1970-ൽ പുറത്തിറങ്ങിയ ’അമ്പലപ്രാവ്’ എന്ന ചിത്രത്തിനുവേണ്ടി താൻ പാടിയ ‘താനെ തിരിഞ്ഞും മറിഞ്ഞും തൻ താമരമെത്തയിലുരുണ്ടും…’ എന്ന ഗാനം ഒരു മലയാളി ആലപിച്ചപ്പോൾ അതിനോടുള്ള ഗായിക എസ്. ജാനകിയുടെ പ്രതികരണമായിരുന്നു ഇത്. ശിവപുരം എച്ച്.എസ്.എസിലെ മുൻ സംഗീതാധ്യാപിക പ്രകാശിനി മാധവനാണ് എസ്. ജാനകി എന്ന മഹാഗായികയുടെ ’ബ്ലസ്സിങ്സ്’ ലഭിച്ച ആ പാട്ടുകാരി.
കഴിഞ്ഞവർഷം ഒക്ടോബർ 18-നാണ് പ്രകാശിനി ഈ പാട്ട് പാടി സാമൂഹികമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. പാട്ട് കേൾക്കാനിടയായ ഡോ. എ. ഗോപാലകൃഷ്ണനാണ് ലിങ്ക് ജാനകിയമ്മയ്ക്ക് അയച്ചുകൊടുത്തത്. അടുത്ത സുഹൃത്തുകൂടിയായ ഡോ. ഗോപാലകൃഷ്ണനോടാണ് ഗായികയുടെ ഫോൺനമ്പർ കണ്ടെത്തിതരണമെന്നാവശ്യപ്പെട്ട് ജാനകിയമ്മ സന്ദേശമയച്ചത്. പ്രകാശിനി വയനാട് വെള്ളമുണ്ട സ്വദേശിനിയാണെന്നും സംഗീതാധ്യാപികയാണെന്നും ഇപ്പോൾ കണ്ണൂർ ജില്ലയിലെ പേരാവൂരിലാണ് താമസമെന്നും ജാനകിയമ്മയെ ഡോ. ഗോപാലകൃഷ്ണൻ ധരിപ്പിച്ചു. ജാനകിയമ്മ നേരിട്ട് നിങ്ങളെ വിളിക്കുമെന്ന് ഗോപാലകൃഷ്ണൻ പ്രകാശിനിയെ അറിയിച്ചെങ്കിലും വിളിമാത്രം വന്നില്ല. അക്കാലയളവിൽ അസുഖബാധിതയായി ആസ്പത്രിയിലായിരുന്നു ജാനകിയമ്മ.
ഒടുവിൽ ഈയിടെ ഡോ. ഗോപാലകൃഷ്ണന്റെ സന്ദേശം പ്രകാശിനിക്ക് ലഭിച്ചു: ‘ജൂലായ് 21-ന് മൈസൂരുവിലെ കണയനഹുണ്ടി ഗ്രാമത്തിലെ ഫാം ഹൗസിലെത്തണം. ജാനകിയമ്മയെ നേരിട്ട് കണ്ട് സംസാരിക്കാം…’ താൻ ദൈവതുല്യമായി ആരാധിക്കുന്ന ജാനകിയമ്മയെ കാണാനുള്ള ഒരുക്കങ്ങൾക്കിടെയാണ് അവരുടെ വിയോഗവാർത്ത തേടിയെത്തിയതെന്ന് പ്രകാശിനി പറയുന്നു.
എസ്. ജാനകിയുടെ കടുത്ത ആരാധികയായ പ്രകാശിനി അവരുടെ ഗാനങ്ങൾ മാത്രമാണ് പാടാറുള്ളത്. സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതും അവരുടെ മെലഡികൾതന്നെ. ഇത്തരത്തിൽ പോസ്റ്റ് ചെയ്ത ‘ശാരികേ, എൻ ശാരികേ… മാതളപ്പൂ പോലൊരു മാനസം ഞാനിന്നു കണ്ടു…’ എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. “നേരിൽ കാണാൻ 10 ദിവസം മാത്രം ബാക്കിനിൽക്കെയാണ് ജാനകിയമ്മ വിടപറഞ്ഞത്. അവരുടെ ഭൗതികശരീരം കാണാൻ പോകണമെന്ന് തോന്നിയില്ല. മനസ്സിലുള്ള രൂപം അങ്ങനെത്തന്നെ നിൽക്കട്ടെ. ആ മഹാഗായികയുടെ മനസ്സിലും ചിന്തയിലും ഒരു നിമിഷമെങ്കിലും ഞാനുണ്ടായല്ലോ. അതുമതി…’- ടീച്ചറുടെ വാക്കുകൾ ഈറനണിഞ്ഞു.