ഡല്ലസ്: ഫുട്‌ബോള്‍ ലോകകപ്പിലെ ആദ്യ സെമി ഫൈനല്‍ പോരാട്ടത്തില്‍ ടൂര്‍ണമെന്റിലെ ഫേവറിറ്റുകളായ ഫ്രാന്‍സിനെ തകര്‍ത്ത് സ്‌പെയിന്‍ ഫൈനലില്‍. എതിരില്ലാത്ത രണ്ടുഗോളിനായിരുന്നു സ്പാനിഷ് പടയുടെ ആധികാരിക ജയം. ആവേശം അലതല്ലിയ പോരാട്ടത്തിനൊടുവില്‍ ഗ്രാസിയോസ് എസ്പാന്യ(നന്ദി, സ്‌പെയിന്‍)പാടിയാണ് സ്പാനിഷ് ആരാധകര്‍ ഫൈനലിലേക്കുള്ള ടിക്കറ്റെടുത്തത്. മത്സരത്തിന് മുമ്പ് ഫ്രാന്‍സിന് ഫുട്‌ബോള്‍ വിദഗ്ധരടക്കം മുന്‍തൂക്കം നല്‍കിയിരുന്നു. എന്നാല്‍ നിര്‍ണായക മത്സരത്തില്‍ ഫ്രാന്‍സിന്റെ പേരുകേട്ട മധ്യനിരയും മുന്നേറ്റവും പൂര്‍ണമായും പരാജയപ്പെടുന്നതാണ് കണ്ടത്. കിലിയന്‍ എംബാപ്പെ തീര്‍ത്തും നിരാശപ്പെടുത്തുകയും ചെയ്തു.
അതേസമയം സ്‌പെയിന്‍ ഫ്രാന്‍സിന്റെ പ്രതിരോധത്തിലെ ചെറിയ പിഴവുകള്‍ മികച്ച സെറ്റ് പീസുകളാല്‍ തുറന്നുകാണിക്കുകയും ചെയ്തു. മുന്നേറ്റത്തിലും പാസുകളിലും സ്‌പെയിന്‍ ഒന്നിനൊന്ന് മികച്ചുനില്‍ക്കുന്നതായിരുന്നു കാഴ്ച്ച. ഫ്രാന്‍സിന്റെ ചെറിയ മുന്നേറ്റങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. എന്നാല്‍ അഡ്രിയാന്‍ റാബിയറ്റിന്റെ ലോങ് റേഞ്ചര്‍ ഒരിക്കല്‍ കൂടി ബാറിന് മുകളിലൂടെ പറക്കുന്നതാണ് കണ്ടത്. എന്നാല്‍ പത്ത് മിനുട്ടിനുള്ളില്‍ റാബിയറ്റ് മഞ്ഞക്കാര്‍ഡ് വാങ്ങിയതോടെ ഫ്രാന്‍സിന്റെ ആവേശം കുറയുന്നതാണ് കണ്ടത്. സ്‌പെയിന്‍ ഒന്നിന് പിറകേ ഒന്നായി ഫ്രാന്‍സിന്റെ പ്രതിരോധത്തെ പൊളിക്കുകയായിരുന്നു. ഇതോടെ ഫ്രഞ്ച് പട ഒന്നാകെ പതറിപ്പോവുകയായിരുന്നു.