യുഎഇയിൽ സ്വകാര്യ ട്യൂഷൻ എടുക്കാൻ പെർമിറ്റ്

ദുബായ്: യുഎഇയിൽ നിയമപരമായി സ്വകാര്യ ട്യൂഷൻ നടത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കും വിദ്യാർഥികൾക്കും ‘പ്രൈവറ്റ് ട്യൂട്ടർ പെർമിറ്റ്’ സംവിധാനം ലഭ്യം. 2023ൽ വിദ്യാഭ്യാസ മന്ത്രാലയവും മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയവും സംയുക്തമായാണ് സംവിധാനം നടപ്പാക്കിയത്. അനുമതിയില്ലാതെ നടത്തുന്ന ട്യൂഷൻ അവസാനിപ്പിക്കുകയും സ്വകാര്യ ട്യൂഷൻ മേഖലയെ ക്രമപ്പെടുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. വ്യക്തിഗതമായോ ഗ്രൂപ്പായോ നേരിട്ടോ ഓൺലൈനായോ ട്യൂഷൻ നടത്താൻ പെർമിറ്റ് നിർബന്ധമാണ്. നിലവിൽ അപേക്ഷയ്ക്കോ പെർമിറ്റ് ലഭിക്കുന്നതിനോ ഫീസ് ഈടാക്കുന്നില്ല.

15 മുതൽ 18 വയസ്സുവരെയുള്ള സ്കൂൾ, സർവകലാശാല വിദ്യാർഥികൾ, ജോലി ഇല്ലാത്ത യുഎഇ റസിഡന്റുമാർ, മറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ (പാർട്ട് ടൈമായി ട്യൂഷൻ എടുക്കാൻ ആഗ്രഹിക്കുന്നവർ), പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും സ്കൂൾ അധ്യാപകർ എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് അപേക്ഷിക്കാം

പാസ്‌പോർട്ട്, റെസിഡൻസ് വിസ, എമിറേറ്റ്സ് ഐഡി, പുതിയ പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഗുഡ് കണ്ടക്ട് സർട്ടിഫിക്കറ്റ്, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പ്രൈവറ്റ് ട്യൂഷൻ അഗ്രിമെന്റ്, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്. വിദ്യാർഥികൾ അപേക്ഷിക്കുമ്പോൾ വിദ്യാർഥിയാണെന്ന് തെളിയിക്കുന്ന രേഖയും രക്ഷിതാവിന്റെ രേഖാമൂലമുള്ള സമ്മതപത്രവും വേണം. ജോലി ചെയ്യുന്നവരും അധ്യാപകരും നിലവിലെ തൊഴിലുടമയിൽനിന്നുള്ള NOC സമർപ്പിക്കണം. അപേക്ഷകന്റെ വിഭാഗമനുസരിച്ച് രേഖകളിൽ വ്യത്യാസമുണ്ടാകും.

അപേക്ഷിക്കേണ്ട വിധം

മൊഹ്‌റയുടെ വെബ്‌സൈറ്റ് അല്ലെങ്കിൽ സ്മാർട്ട് ആപ്പ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ‘Services’ വിഭാഗത്തിൽ ‘Private Tutor Licensing’ തിരഞ്ഞെടുത്ത് ‘Start Service’ ക്ലിക്ക് ചെയ്യുക. തുടർന്ന് എമിറേറ്റ്സ് ഐഡി നമ്പറും മൊബൈലിൽ ലഭിക്കുന്ന ഒടിപിയും നൽകി സ്ഥിരീകരണം പൂർത്തിയാക്കണം. അപേക്ഷക വിഭാഗം തെരഞ്ഞെടുത്തശേഷം ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യണം. തുടർന്ന് ‘Code of Conduct’ ഡൗൺലോഡ് ചെയ്ത് ഒപ്പുവെച്ച് വീണ്ടും അപ്‌ലോഡ് ചെയ്ത ശേഷം അപേക്ഷ സമർപ്പിക്കാം.

ഈ സേവനം നിലവിൽ സൗജന്യമാണ്. അപേക്ഷ സമർപ്പിച്ച് സാധാരണ രണ്ട് പ്രവൃത്തി ദിവസത്തിനുള്ളിൽ പെർമിറ്റ് അനുവദിക്കും. ലഭിക്കുന്ന പെർമിറ്റിന് രണ്ട് വർഷമാണ് കാലാവധി. ഈ കാലയളവിൽ യുഎഇയിലുടനീളം നിയമപരമായി സ്വകാര്യ ട്യൂഷൻ സേവനം നൽകാൻ അനുമതിയുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *