ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ അധിക്ഷേപ പരാമർശം, പേപ്പറുകൾ വലിച്ചെറിഞ്ഞു; നിയമ വിദ്യാർത്ഥികൾ അറസ്റ്റിൽ

ന്യൂഡൽഹി: സുപ്രീം കോടതിയിൽ അപമര്യാദയായി പെരുമാറിയ നിയമ വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്‌തു. സർക്കാർ ഉദ്യോഗസ്ഥന്റെ ജോലി തടസപ്പെടുത്തി, സുരക്ഷാ ജീവനക്കാരെ ആക്രമിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികളായ പ്രബൽ പ്രതാപ് സിംഗ്, ചന്ദർ ഭാൻ എന്നിവരെ അറസ്റ്റ് ചെയ്‌തത്. ഇരുവരും ഉത്തർപ്രദേശ് സ്വദേശികളാണ്.

 

ജൂലായ് പത്തിനാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. അന്ന് കോടതിയിലെത്തിയ പ്രതികൾ വാദം കേൾക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്താൻ തുടങ്ങി. ശേഷം കോടതിമുറിക്കുള്ളിൽ പേപ്പറുകൾ വലിച്ചെറിഞ്ഞ യുവാക്കൾ നടപടികൾ തടസപ്പെടുത്തുകയും ചെയ്‌തു. സുരക്ഷാ ഉദ്യോഗസ്ഥർ നൽകിയ പരാതിയിൽ, തിലക് മാർഗ് പൊലീസ് ആണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത് യുവാക്കൾക്കെതിരെ കേസെടുത്തത്.

 

സംഭവത്തിൽ കോടതിയലക്ഷ്യമോ മറ്റ് കടുത്ത നടപടികളോ സ്വീകരിക്കേണ്ടതില്ലെന്നാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ തീരുമാനം. ‘അദ്ദേഹം വളരെ അസ്വസ്ഥനാണ്, നിരാശയുടെ പുറത്താണ് ഇതെല്ലാം പറഞ്ഞത്. ഞങ്ങൾക്ക് അദ്ദേഹത്തോട് സഹതാപം മാത്രമേയുള്ളു’- എന്നാണ് കോടതി അഭിപ്രായപ്പെട്ടത്. ഭരണഘടനാ സ്ഥാപനങ്ങളുടെ അന്തസ് ഉയർത്തിപ്പിടിക്കുന്നതാണ് കൂടുതൽ പ്രധാനമെന്നും ജസ്റ്റിസ് സൂര്യകാന്ത് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *