കൊല്ലത്ത് വൻ ലഹരി വേട്ട: 30 ലക്ഷത്തിന്റെ ഗുളിക ശേഖരവും 51.59 ഗ്രാം എംഡിഎംഎയും പിടിച്ചു

കൊല്ലം ∙ ജില്ലയിൽ വൻ ലഹരി വേട്ട; രണ്ടു യുവാക്കൾ പിടിയിൽ. ലഹരിക്കായി ഉപയോഗിക്കുന്ന 30 ലക്ഷത്തോളം രൂപ വിലവരുന്ന ഗുളികകളുമായി യുവാവ് ഇരവിപുരത്തും 50 ഗ്രാമിലധികം എംഡിഎംഎയുമായി മറ്റൊരു യുവാവ് ചിറക്കരത്താഴത്തുമാണ് പിടിയിലായത്.

ഇരവിപുരം തെക്കുംഭാഗം ആറ്റുകാൽ പുതുവൽ വീട്ടിൽ ടിന്റു സേവ്യർ (36) ആണ് ലഹരിക്കായി ഉപയോഗിക്കുന്ന ഗുളികകളുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 6200 വേദന സംഹാരി ഗുളികകൾ പിടികൂടി. മറ്റൊരിനത്തിൽപെട്ട 20 ഗുളികകളും പിടികൂടി. റീട്ടെയ്ൽ വിപണിയിൽ ഉദ്ദേശം 30 ലക്ഷത്തോളം രൂപ ഇവയ്ക്കു വിലവരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പാരിപ്പള്ളി ചിറക്കരത്താഴം രാഹുൽ നിവാസിൽ രാഹുൽ രാജിനെ (32) ഡാൻസാഫ് സംഘവും പാരിപ്പള്ളി പൊലീസും ചേർന്നാണു പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് 51.59 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇന്നലെ വൈകിട്ടു ചിറക്കരത്താഴം വാഴവിള ജംക്‌ഷനു സമീപത്തു നിന്നാണ് ഇയാളെ പിടികൂടിയത്. ഏകദേശം 3 ലക്ഷത്തിലധികം രൂപ വിലവരുന്ന എംഡിഎംഎയാണു പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.‘ഓപ്പറേഷൻ തണ്ടറിന്റെ’ ഭാഗമായി എക്സൈസ് സംഘത്തിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വാളത്തുംഗൽ ഗുരുമന്ദിരം ജംക്‌ഷനിലെ ഇടറോഡിൽ നടത്തിയ പരിശോധനയിലാണ് ടിന്റു സേവ്യർ പിടിയിലായത്. ജില്ലയിൽ ലഹരിക്കായി ഉപയോഗിക്കുന്ന ഗുളികകൾ വിതരണം ചെയ്യുന്നതിലെ പ്രധാനിയാണ് ടിന്റുവെന്ന് എക്സൈസ് പറഞ്ഞു. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.ശങ്കറിന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫിസർ എസ്.സാലിം, വനിത സിവിൽ എക്സൈസ് ഓഫിസർ ശ്രുതി ചന്ദ്രൻ, പ്രിവന്റീവ് ഓഫിസർ (ഗ്രേഡ്) ബി.ഷെഫീഖ്, പ്രിവന്റീവ്‌ ഓഫിസർ പി.ദിലീപ് കുമാർ, അസി.എക്സൈസ് ഇൻസ്പെക്ടർമാരായ (ഗ്രേഡ്) ആർ.മിനേഷ്യസ്, എസ്.ബിനുലാൽ, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ ജി.സന്തോഷ് കുമാർ എന്നിവരടങ്ങിയ സംഘമാണു പരിശോധന നടത്തിയത്. വീടിനു സമീപം എംഡിഎംഎ കച്ചവടം ചെയ്യുന്നതിനായി കാത്തു നിൽക്കുന്നതിനിടെ ആണ് രാഹുൽരാജിനെ പിടികൂടിയത്. 2023 മുതൽ ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നെങ്കിലും ഇതുവരെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *