വായനയുടെ ലോകം

ഫലപ്രദമായ വായന ആശയ രൂപവത്കരണത്തിന്റെ ഉറവിടവും അനന്ത വിജ്ഞാനത്തിലേക്കുള്ള പാതയുമാണ്. ജീവിത വിജയത്തിന് അർഥമുള്ള വായന വേണം. ആശയങ്ങൾ ഗ്രഹിക്കാനും ജീവിതത്തിൽ പകർത്താനും സാധിക്കണം. എത്ര വായിച്ചു എന്നതിലുപരി വായിച്ചവ വ്യക്തിയെയും സമൂഹത്തെയും എത്ര സ്വാധീനിച്ചു എന്നതാണ് പ്രധാനം.

മാറ്റങ്ങളുടെ ചാലകശക്തിയും മനസ്സിന്റെ ആഹാരവുമാണ് വായന. ലോകം മാറ്റിമറിച്ച ചരിത്ര പുരുഷന്മാരെല്ലാം അതിരുകൾ ഭേദിച്ച വായനയുടെ ഉടമകളായിരുന്നു. ലോകം കൈയിലെടുത്ത് അമ്മാനമാടിയ നെപ്പോളിയൻ ബോണോപാർട്ടും ലോകം കീഴടക്കിയ അലക്സാണ്ടർ ചക്രവർത്തിയും സ്വതന്ത്ര ഭാരതത്തിന്റെ പിതൃപദവിയിലെത്തിയ മഹാത്മാ ഗാന്ധിയും ഇന്ത്യയെ വീണ്ടെടുക്കുന്നതിന് സൈദ്ധാന്തികമായും ബൗദ്ധികമായും വലിയ സംഭാവനകൾ നൽകിയ അംബേദ്കറും നെഹ്റുവും അബുൽ കലാം ആസാദുമെല്ലാം പരന്ന വായനക്കാരായിരുന്നു.

ഏതൊരു രാജ്യത്തിന്റെയും സാംസ്കാരിക പൈതൃകവും രാഷ്ട്രീയ മുന്നേറ്റവും രൂപപ്പെടുത്തുന്നതും അടയാളപ്പെടുത്തുന്നതും വായനയും വിജ്ഞാനവുമാണ്. തുരുമ്പെടുക്കുന്ന മനുഷ്യചിന്തകളെ അത് ജ്വലിപ്പിക്കുകയും ജീവസുറ്റതാക്കുകയും ചെയ്യുന്നു. മനുഷ്യന്റെ സംസ്‌കാര നിര്‍മിതിയിലും സാമൂഹിക നിലപാട് രൂപവത്കരണത്തിലും വായനക്ക് അനിര്‍വചനീയ സ്ഥാനമുണ്ട്. ആകയാൽ അക്ഷരങ്ങള്‍ കഥ പറയുന്ന തെരുവുകളും വിശാലമായ ഗ്രന്ഥശേഖരങ്ങളും പല രാജ്യങ്ങളിലും ഉടലെടുത്തു.

വായനയുടെ അനന്തസാധ്യതകളിലേക്കും മാസ്മരികമായ സ്വാധീനത്തിലേക്കും വെളിച്ചം വീശുന്നതാണ് വിശുദ്ധ ഖുർആനിലെ പ്രഥമ വചനം. പ്രപഞ്ച നാഥനെ പരിചയപ്പെടുത്തുന്നതിന് മുമ്പ്, എന്നല്ല മറ്റെല്ലാറ്റിനും മുമ്പ് “ഇഖ്റഅ്’ (വായിക്കൂ) എന്നാണ് ഖുർആനിന്റെ ആഹ്വാനം. നിര്‍ണിതമായ ഒരു ഗ്രന്ഥം നോക്കിയുള്ള വായനയല്ല ഖുർആൻ ഇവിടെ വിവക്ഷിക്കുന്നത്. കാരണം, തിരുനബി(സ) യുടെ കാലത്ത് ഖുർആനിക വചനങ്ങൾ പുസ്തക രൂപത്തിലല്ല. അവിടുത്തെ വിയോഗ ശേഷമാണ് ഖുർആൻ ഗ്രന്ഥരൂപത്തിൽ ക്രോഡീകരിക്കപ്പെട്ടത്.

ജീവിത വിജയത്തിന് അർഥമുള്ള വായന വേണം. ആശയങ്ങൾ ഗ്രഹിക്കാനും ജീവിതത്തിൽ പകർത്താനും സാധിക്കണം. എത്ര വായിച്ചു എന്നതിലുപരി വായിച്ചവ വ്യക്തിയെയും സമൂഹത്തെയും എത്ര സ്വാധീനിച്ചു എന്നതാണ് പ്രധാനം. വായനക്കാരന് അനേകം ജീവിതങ്ങൾ ലഭിക്കുന്നുവെന്നാണ് പ്രമുഖ ചിന്തകൻ ജോര്‍ജ് ആര്‍ മാര്‍ട്ടിന്റെ വിലയിരുത്തൽ. ഫലപ്രദമായ വായന ആശയ രൂപവത്കരണത്തിന്റെ ഉറവിടവും അനന്ത വിജ്ഞാനത്തിലേക്കുള്ള പാതയുമാണ്. വായന മരിക്കുന്നു എന്ന് വിലപിക്കുമ്പോഴും ലോകമെങ്ങും പുസ്തകങ്ങൾ വാങ്ങുന്നവരുടെ എണ്ണം വർധിക്കുന്നുവെന്നാണ് യാഥാർഥ്യം.

വായനക്കാരുടെ എണ്ണത്തിലും അഭിരുചിയിലും ഏറ്റവ്യത്യാസമുണ്ടായേക്കാം. പക്ഷേ, വായന മരിച്ചിട്ടില്ല, മരിക്കുകയുമില്ല. അത് ലോകാവസാനം വരെ നിലനില്‍ക്കും. കാരണം, മാറ്റിത്തിരുത്തലുകൾക്കോ വെട്ടിനിരത്തലുകൾക്കോ വിധേയപ്പെടാത്ത, വായിക്കാനുള്ള ആഹ്വാനത്തോടെ അവതീർണമായ വിശുദ്ധ ഖുര്‍ആനിന്റെ പ്രഖ്യാപനം അന്തരീക്ഷത്തിൽ അന്ത്യനാൾ വരെ ജ്വലിച്ചുനിൽക്കുന്നു. അല്ലാഹു പറയുന്നു: “നാമാണ് ഈ വചനങ്ങൾ (ഖുർആൻ) അവതരിപ്പിച്ചത്, നാം അതിനെ സംരക്ഷിക്കുകയും ചെയ്യും’

Leave a Reply

Your email address will not be published. Required fields are marked *