മേപ്പാടി: കള്ളാടി തുരങ്കപാത പദ്ധതി പ്രദേശത്ത് ഉയർന്ന അളവിൽ മഴ രേഖപ്പെടുത്തിയിട്ടും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാത്തത് ദുരന്തത്തിന് വഴിവെച്ചു. പദ്ധതി പ്രദേശത്തോട് ചേർന്ന എളമ്പലേരിയിൽ തിങ്കളാഴ്ച 24 മണിക്കൂറിനിടെ 221 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ഒരു പ്രദേശത്ത് 200 മി.മി.യിൽ കൂടുതൽ മഴ ലഭിച്ചാൽ ഉരുൾപൊട്ടൽ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നിട്ടും നിർമ്മാണം നിർത്തിവെക്കാനോ ദുരന്ത സാധ്യതാ മേഖലയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനോ അധികൃതർ തയ്യാറായില്ല.
വൈത്തിരിയിലും 200 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിച്ചു. എന്നാൽ ചൊവ്വാഴ്ച ജില്ലയിൽ യെല്ലോ അലർട്ട് മാത്രമാണ് പ്രഖ്യാപിച്ചത്. ചൂരൽമല മേഖലയിൽ റെഡ് അലർട്ടിന് സമാനമായ മഴയാണ് പെയ്തത്. ദുരന്തത്തിനുശേഷം ചൊവ്വാഴ്ച ഉച്ചയോടെ മാത്രമാണ് അലർട്ടിൽ മാറ്റം വന്നത്. വയനാട്ടിൽ മഴക്കാലത്ത് ഒരാൾക്ക് പോലും ജീവൻ നഷ്ടമാകരുത് എന്ന ലക്ഷ്യവുമായി സീറോ ഡെത്ത് ക്യാമ്പയിൻ ആരംഭിച്ചിരുന്നു. ഇതിന് ഇടയിലാണ് നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. മഴ മുന്നറിയിപ്പ് നൽകുന്നതിൽ അധികൃതർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായാണ് ആക്ഷേപം. മുണ്ടക്കൈ ദുരന്തത്തിന് ശേഷവും ഇത്തരം വീഴ്ചകൾ ആവർത്തിക്കുന്നത് നാട്ടുകാർക്കിടയിൽ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.