ഇന്നും മാറാത്ത ദുരൂഹത
ഒരിക്കല്‍ യാത്രപോയാല്‍ തിരികെയെത്താന്‍ കഴിയാത്ത ചില സ്ഥലങ്ങള്‍ ഭൂമിയിലുണ്ട്. അവിടെ നിന്ന് മൃതശരീരങ്ങള്‍ പോലും ലഭിക്കാറില്ലെന്നാണ് വിവരം. ഇന്ത്യയ്ക്കും ഉണ്ട് അങ്ങനെയൊരു സ്ഥലം. ഇന്ത്യന്‍ മഹാസമുദ്രത്തിലെ നോര്‍ത്ത് സെന്റിനല്‍ ദ്വീപ്. ഒരു കടല്‍ത്തീരത്തിനടുത്തായി വനത്താല്‍ ചുറ്റപ്പെട്ട ഒരു ചെറിയ ദ്വീപാണിത്. പുറത്തുനിന്നു എത്തുന്നവരെ ഭയക്കുന്ന ഒരു പ്രാകൃത മനുഷ്യസമൂഹം ഇവിടുണ്ട്. ദ്വീപിലേക്ക് ചെല്ലുന്നവരെ ആക്രമിച്ചു കൊല്ലുകയാണ് ഇവരുടെ പതിവ്.
60,000 വര്‍ഷമായി ഇവര്‍ക്ക് പുറംലോകവുമായി ബന്ധമില്ലെന്ന് നരവംശ ഗവേഷകര്‍ പറയുന്നു. ടൂറിസ്റ്റുകള്‍ പോയിട്ട്, മീന്‍പിടുത്തക്കാര്‍ പോലും ഈ വശത്തേക്ക് അടുക്കില്ല. 2006ല്‍ ഇവിടെ എത്തിയ രണ്ട് മീന്‍പിടുത്തക്കാരെ കൊന്നതാണ് ഏറ്റവും ഒടുവില്‍ പുറംലോകം അറിഞ്ഞത്. താഴ്ന്നുപറക്കുന്ന വിമാനങ്ങളോ ദ്വീപിന് മുകളിലൂടെ വട്ടമിട്ടുപറക്കുന്ന ഹെലികോപ്ടറുകളോ കണ്ടാല്‍ ഇവര്‍ അമ്പെയ്യുകയും കല്ലെറിയുകയും ചെയ്യും. ഇന്ത്യയുടെ ഭാഗമാണെങ്കിലും ഈ ദ്വീപിലെ ഭാഷയോ ആചാരങ്ങളോ പുറംലോകത്തിന് അറിയില്ല.
ശിലായുഗത്തിന് തുല്യമായ അവസ്ഥയില്‍ തന്നെ ജീവിക്കുന്ന മനുഷ്യരെ ബന്ധപ്പെടാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഒട്ടേറെ തവണ ശ്രമിച്ചുവെങ്കിലും കാര്യം നടന്നില്ല. ദ്വീപിന് ചുറ്റും മൂന്ന് മൈല്‍ ചുറ്റളവില്‍ നിരോധിത മേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലയില്‍ പ്രവേശിക്കുന്നതും അവിടുള്ളവരുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നതും കുറ്റകരമാണിപ്പോള്‍.
ഒറ്റപ്പെട്ട് ജീവിക്കുന്നതിനാല്‍ പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് ഈ സമൂഹം തന്നെ ഇല്ലാതാകാനുള്ള സാദ്ധ്യത ഏറെയാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. എന്നാല്‍ പുറംലോകത്തു നിന്ന് എത്തുന്നവരെ നേരിടാന്‍ ഇവര്‍ അസാമാന്യ കരുത്തും ചങ്കൂറ്റവും പ്രകടിപ്പിക്കുന്നു. വേട്ടയാടിയും മീന്‍പിടിച്ചുമാണ് ആഹാരത്തിനുള്ള വക കണ്ടെത്തുന്നത്. കൈയില്‍ കിട്ടുന്നതെന്തും ഭക്ഷിക്കുന്നവരാണ് ഈ ദ്വീപ് നിവാസികള്‍.