സംസ്ഥാന വഖഫ് ബോര്‍ഡ്:  പ്രവര്‍ത്തനം തല്‍ക്കാലം മരവിപ്പിച്ച് ഹൈക്കോടതി

 

 ചുമതല വകുപ്പ് ജോയിന്റ് സെക്രട്ടറിയ്ക്ക്

കൊച്ചി: ഭരണഘടനാ വിരുദ്ധമായ പ്രവര്‍ത്തനങ്ങളടക്കം ആരോപിച്ച് വഖഫ് ബോര്‍ഡിനെതിരായി നല്‍കിയ ഹര്‍ജികളില്‍ നടപടിയുമായി ഹൈക്കോടതി. സംസ്ഥാന വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി മരവിപ്പിച്ചു. കേസില്‍ ഇനിയൊരു ഉത്തരവുണ്ടാകും വരെ വഖഫ് ബോര്‍ഡ് നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. വഖഫ് വകുപ്പ് ജോയിന്റ് സെക്രട്ടറിയ്ക്ക് താല്‍ക്കാലിക ചുമതലയും കോടതി നല്‍കി.
ഇടത് സര്‍ക്കാര്‍ ചട്ടവിരുദ്ധമായി രൂപീകരിച്ച വഖഫ് ബോര്‍ഡ് പിരിച്ചുവിടണമെന്ന് ക്രൈസ്തവ സഭാ കൂട്ടായ്മയായ ആക്ട്സ് ഹര്‍ജി നല്‍കിയിരുന്നു. ഇതില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. അമുസ്ളീങ്ങളായ രണ്ട് അംഗങ്ങളെ വഖഫ് ബോര്‍ഡില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് ഹര്‍ജി നല്‍കിയിരുന്നു. 2025ലെ വഖഫ് നിയമഭേദഗതിപ്രകാരം രണ്ട് അമുസ്‌ളീം വിഭാഗത്തില്‍പെട്ട അംഗങ്ങള്‍ ബോര്‍ഡില്‍ ഉണ്ടാകണം. ഈ നിബന്ധന പാലിക്കാതെ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച നിലവിലെ ബോര്‍ഡ് നിയമവിരുദ്ധമാണെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഈ വര്‍ഷം വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചപ്പോള്‍ ഒന്‍പത് പേരെയാണ് അംഗങ്ങളായി സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത്. ഇവരെല്ലാം മുസ്ളീം സമുദായാംഗങ്ങളായിരുന്നുവെന്നാണ് ഷോണ്‍ വാദിച്ചത്. കേസ് ഇനി ബുധനാഴ്ച വീണ്ടും പരിഗണിക്കും.

 

 

Leave a Reply

Your email address will not be published. Required fields are marked *