അദാനി കാട്ടിയത് മര്യാദകേട്, പ്രതിപക്ഷം വിഴിഞ്ഞത്തെ പ്രതിസന്ധിയിലാക്കരുത്- വിമർശനവുമായി വെള്ളാപ്പള്ളി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖപദ്ധതിയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിൽ പ്രതിപക്ഷത്തെ വിമർശിച്ച് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സർക്കാരിനെ പ്രതിരോധത്തിലാക്കി വിഴിഞ്ഞം തുറമുഖത്തെ പ്രതിസന്ധിയിലാക്കാൻ ശ്രമിക്കരുതെന്നും ഓഹരിക്കൈമാറ്റം ബിസിനസ് തർക്കമായി മാത്രം കാണേണ്ടതാണെന്നും എസ്എൻഡിപി യോഗം മുഖപത്രമായ ‘യോഗനാദ’ത്തിൽ എഴുതിയ എഡിറ്റോറിയലിൽ വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.വിഴിഞ്ഞത്തിന്റെ പേരിൽ രാഷ്ട്രീയ പോര് ഉണ്ടാകരുതെന്നും വിഴിഞ്ഞത്തെ വെള്ളത്തിലാക്കരുതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. പിണറായി സർക്കാരും ഉമ്മൻ ചാണ്ടി സർക്കാരും വിഴിഞ്ഞത്തിനുവേണ്ടി എടുത്തിട്ടുള്ള നിലപാടുകളും വെള്ളാപ്പള്ളി നടേശൻ എടുത്തുപറയുന്നുണ്ട്. രാഷ്ട്രീയത്തിനതീതമായി ഇരു സർക്കാരുകളും എടുത്ത നിലപാടുകളുടെ ഭാഗമായാണ് വിഴിഞ്ഞം യാഥാർഥ്യമായതെന്നും യോഗനാദം എഡിറ്റോറിയലിൽ പറയുന്നു. ഇതിനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് പദ്ധതിയുടെ പ്രസക്തി നഷ്ടപ്പെടുത്തരുതെന്നും എഡിറ്റോറിയലിൽ വ്യക്തമാക്കുന്നു.

‘വിഴിഞ്ഞത്തെ നിർജീവമാക്കുന്ന തലത്തിലേക്ക് വിവാദങ്ങൾ വളരരുതെന്ന് സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ നേരത്തെ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഈ നിലപാട് പക്വതയുള്ളതാണ്. ഇത് ഒരു ബിസിനസ് തർക്കം മാത്രമാണ്. അദാനി കമ്പനി കാണിച്ചത് മര്യാദയല്ല. പക്ഷേ, അതൊരു ബിസിനസ് തർക്കമാണ്. കരാർ വ്യവസ്ഥകൾ പാലിക്കുന്നില്ലെങ്കിൽ കരാർ അടിസ്ഥാനത്തിൽത്തന്നെ നടപടികൾ സ്വീകരിക്കാനുള്ള വകുപ്പുകളുണ്ട്. അതുകൊണ്ടുതന്നെ ഇതിനെ രാഷ്ട്രീയ വിവാദമാക്കരുത്’, എഡിറ്റോറിയലിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *