കാസർകോട്: ഡിജിറ്റൽ പഠനസൗകര്യമില്ലാതെ പ്രയാസപ്പെട്ട ആദിവാസി വിദ്യാർഥിനിക്ക് ലാപ്ടോപ്പ് ലഭ്യമാക്കി പട്ടികജാതി-പട്ടികവർഗ-പിന്നാക്ക ക്ഷേമമന്ത്രി കെ.എ. തുളസി. ദേലംപാടി പഞ്ചായത്ത് കണ്ണംകോൽ ഉന്നതിയിലെ സിജാകുമാരിക്ക് തിരുവനന്തപുരത്തെ ഓഫീസിൽവെച്ച് മന്ത്രി ലാപ്ടോപ്പ് കൈമാറി. തുടർപഠനത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും വാഗ്ദാനം ചെയ്തു. ഇതോടൊപ്പം വിദ്യാർഥിനിയുടെ അടിയന്തര ആവശ്യം പരിഗണിച്ച് വീട്ടിൽ പ്രത്യേക പഠനമുറി നിർമിച്ചുനൽകുമെന്നും മന്ത്രി ഉറപ്പുനൽകി.
മലവേട്ടുവ വിഭാഗത്തിൽനിന്ന് ഉന്നതവിദ്യാഭ്യാസം നേടുന്ന ആദ്യയാളാണ് സിജാകുമാരി. കണ്ണൂർ സർവകലാശാലയിൽനിന്ന് ബി.എ. സോഷ്യൽ സയൻസിൽ ഒന്നാം സ്ഥാനത്തോടെയാണീ മിടുക്കി വിജയിച്ചത്. ബി.എഡ്. പഠനം തുടരുന്ന സിജാകുമാരിക്ക് ലാപ്ടോപ്പ് ഇല്ലാത്തത് പഠനത്തിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. മുൻപ് ലഭിച്ച ലാപ്ടോപ്പ് തിരികെ നൽകേണ്ടിവന്നതുമുതൽ കടുത്ത ബുദ്ധിമുട്ടുകൾ സഹിച്ചാണ് സിജ പഠനം മുന്നോട്ട് കൊണ്ടുപോയത്. അച്ഛൻ മരിച്ചതോടെ കുടുംബത്തിന്റെ ഏക ആശ്രയം തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ യശോദയാണ്. പഠനാവശ്യത്തിന് ലാപ്ടോപ്പ് വാങ്ങാനുള്ള ശേഷി കുടുംബത്തിനില്ലായിരുന്നു.