ടോറന്റോ: ആതിഥേയരായ കാനഡയും യു.എസും ലോകകപ്പ് ഫുട്ബോളിന്റെ അങ്കത്തട്ടിലേക്ക്. വെള്ളിയാഴ്ച രാത്രി 12.30-ന് കാനഡ സ്വന്തം തട്ടകത്തില്‍ ബോസ്നിയ ഹെര്‍സെഗോവിനയുമായി കളിക്കും. ശനിയാഴ്ച പുലര്‍ച്ചെ 6.30-ന് യു.എസും പാരഗ്വായും മുഖാമുഖം വരും.ലോകകപ്പില്‍ മൂന്നാംതവണയാണ് കാനഡ കളിക്കാനിറങ്ങുന്നത്. ഇതിന് മുന്‍പ് ആറ് മത്സരം കളിച്ചെങ്കിലും ആറിലും തോല്‍വിയായിരുന്നു ഫലം. ഇത്തവണ സ്വന്തം നാട്ടില്‍ കളിക്കുമ്പോള്‍ ബോസ്നിയക്കെതിരേ ജയം ടീം മോഹിക്കുന്നുണ്ട്. ആതിഥേയരെന്ന നിലയിലാണ് ടീം ഇത്തവണ യോഗ്യത നേടിയത്. ക്യാപ്റ്റന്‍ അല്‍ഫോന്‍സോ ഡേവിസ് പരിക്കുമൂലം കളിക്കാനില്ലാത്തത് ടീമിന് തിരിച്ചടിയാണ്. ജെസെ മാര്‍ഷ് പരിശീലിപ്പിക്കുന്ന ടീം അവസാനം കളിച്ച ആറ് കളിയില്‍ തോല്‍വിയറിഞ്ഞിട്ടില്ല.മൗറീഷ്യോ പൊച്ചെറ്റിനോ പരിശീലിപ്പിക്കുന്ന യു.എസ്. അവസാന സന്നാഹമത്സരത്തില്‍ സെനഗലിനെ തോല്‍പ്പിച്ചാണ് വരുന്നത്. ഇതിന് മുന്‍പുള്ള മത്സരത്തില്‍ ജര്‍മനിയോട് പൊരുതിത്തോല്‍ക്കുകയായിരുന്നു. ക്രിസ്റ്റ്യന്‍ പുലിസിച്ചുള്ള മുന്നേറ്റനിര യു.എസിന് പ്രതീക്ഷ നല്‍കുന്നു.